തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നിലനില്പിനായി ചില കയ്പേറിയ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പോകുന്ന പോലെ പോകട്ടെയെന്നു വിചാരിച്ചാൽ അടച്ചുപൂട്ടേണ്ടിവരുമെന്നും മന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി പറഞ്ഞു.
ഒരു വ്യവസായ സ്ഥാപനം എന്ന നിലയിൽ സാന്പത്തിക പ്രതിസന്ധി ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം പൊതുജനങ്ങൾക്കു മികച്ച രീതിയിൽ ഗതാഗത സൗകര്യം ഒരുക്കേണ്ടതും കെഎസ്ആർടിസിയുടെ കടമയാണ്.ചെലവു കുറയ്ക്കുകയും മാനവവിഭവശേഷി ശാസ്ത്രീയമായി ക്രമീകരിക്കുകയും വേണം. സ്റ്റാഫ് പാറ്റേണിൽ മാറ്റം വേണ്ടിവരും.
എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നിലവിൽ സർക്കാരിനു താത്പര്യമില്ല. ശന്പളം മുടങ്ങാതിരിക്കാനായി അധിക സാന്പത്തികസഹായം നല്കണമെന്ന അഭ്യർഥന മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മുന്നിൽ വയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ നിരവധി സർവീസുകൾ വെട്ടികുറയ്ക്കേണ്ടി വന്നതായും മന്ത്രി പറഞ്ഞു.
ഭരണപക്ഷ എംഎൽഎമാർക്കു വരെ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ നിലപാടാണുള്ളതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്കിയ എം. വിൻസെന്റ് പറഞ്ഞു.10,000 രൂപ വരുമാനമില്ലാത്ത ഷെഡ്യൂളുകൾ റദ്ദാക്കണമെന്നാണ് ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ കൈക്കൊണ്ട തീരുമാനം.
എന്നാൽ, വാടകയ്ക്കെടുത്ത ഇലക്ട്രിക് ബസ് വൻ നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 10 ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കുന്നതിലൂടെ 10 ലക്ഷം രൂപയാണു പ്രതിദിന നഷ്ടം. ഇതിനായി ഉണ്ടാക്കിയിട്ടുള്ള കരാർ 10 വർഷത്തേക്കുമാണ്.
വോൾവോ ബസ് വാടകയ്ക്കെടുത്തു സർവീസ് നടത്തുന്നതിനു പിന്നിലും ചില സ്ഥാപിത താത്പര്യങ്ങളുണ്ട്. ഇടതുസർക്കാരിന് 101 പുതിയ ബസുകൾ മാത്രമാണു നിരത്തിലിറക്കാൻ കഴിഞ്ഞതെന്നും വിൻസെന്റ് ആരോപിച്ചു.
പരിഷ്കാരങ്ങൾ വരുത്തി കെഎസ്ആർടിസി പൂട്ടേണ്ട സ്ഥിതിയിലേക്കാണു സർക്കാർ എത്തിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജോലിചെയ്യുന്ന ജീവനക്കാർക്കു ശന്പളത്തിനായി സമരം ചെയ്യേണ്ട അവസ്ഥയാണെന്നും ചെന്നിത്തല ആരോപിച്ചു. കെഎസ്ആർടിസി പ്രതിസന്ധി സഭ നിർത്തിവച്ചു ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം വാക്കൗട്ട് നടത്തി.