കോട്ടയം: കെഎസ്ആർടിസി തട്ടി കാറിന്റെ സൈഡ് മിറർ തകർന്നു. കാറിൽ സഞ്ചരിച്ച അമ്മയും മകളും ബസ് തടഞ്ഞ് ഹെഡ് ലൈറ്റ് തല്ലിത്തകർത്തു. കോടിമത നാലുവരി പാതയിൽ ഇന്നലെയാണ് സിനിമയെ വെല്ലുന്ന ആക്ഷൻ രംഗം നടന്നത്.
സംഭവത്തിൽ പൊൻകുന്നം സ്വദേശി സുലുവിനെ (26) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. സുലുവും അമ്മയുമാണ് ആക്രമണം നടത്തിയത്.
എന്നാൽ ഒരാളെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാറിന്റെ സൈഡ് മിറർ ബസിൽ തട്ടുകയായിരുന്നു. സൈഡ് മിറർ പൊട്ടിയതോടെ പ്രകോപിതരായ സ്ത്രീകൾ ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞു.
പിന്നീട് കാറില്‍നിന്ന് ഇറങ്ങി ജാക്കി ലിവര്‍ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇവർക്കൊപ്പം ഒരു പുരുഷനും കാറിലുണ്ടായിരുന്നതായി ബസിലെ യാത്രക്കാർ പറയുന്നു.
ഇയാൾ ബസിന്റെ പിന്നിലെ നന്പർ പ്ലെയ്റ്റ് തകർത്തു. പൊന്‍കുന്നം സ്വദേശി ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.ബസ് കോടിമതയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കെഎല്‍ 4 എഡി 5528 കാറിലാണ് സ്ത്രീകൾ എത്തിയത്.
ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. ബസ് തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്കു പോകുകയായിരുന്നു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. പൊതുമുതൽ നശിപ്പിക്കൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തത്.