ആലുവ: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് 5.9 കോടി രൂപ ചെലവിട്ട് പുനർനിർമിക്കാനൊരുങ്ങുന്നു. ചോർന്നൊലിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാണ് പുതിയ ബസ് ടെർമിനൽ നിർമിക്കുന്നത്. പുതിയ ടെര്‍മിനലിനും പാസഞ്ചര്‍ അമിനിറ്റി സെന്ററിനുമായി 5.9 കോടി രൂപ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ചു.
നിർമാണത്തിനുള്ള ഭരണാനുമതി സര്‍ക്കാര്‍ നല്കി. ടെർമിനൽ നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് നാളെ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് എംഎല്‍എ അറിയിച്ചു. രാവിലെ 11.30 ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ കെഎസ്ആര്‍ടിസി എംഡി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.
പഴയ കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയാവുക. നിരവധി യാത്രക്കാർ ദിവസേന വന്നുപോകുന്ന ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ വേണമെന്നുള്ളത് യാത്രക്കാരുടെയും ജീവനക്കാരുടെയും വളരെക്കാലമായുള്ള ആവശ്യമാണ്.