കൊല്ലം: കെഎസ്ആർടിസി ബസുകൾ അന്പലംകുന്നിലെത്തുന്പോൾ യാത്രക്കാരോട് കണ്ടക്ടറുടെ അഭ്യർഥന കേട്ടാൽ ആരും തമാശയയായി കരുതരുത്. അങ്ങനെ കരുതിയവർക്കെല്ലാം കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ അനുഭവമാണ് പറയാനുള്ളത്.
കുറേദിവസങ്ങളായി കെഎസ്ആർടിസി ബസ് മാത്രം അന്പലംകുന്നിലെത്തുന്പോൾ പുറത്തുനിന്ന് കല്ലേറ് പതിവായതോടെയാണ് കണ്ടക്ടർമാർക്ക് പണി ഇരട്ടിയായത്. ടിക്കറ്റ് നൽകുന്ന ജോലി കൂടാതെ യാത്രക്കാരോടെല്ലാം വരാൻപോകുന്ന അപകടം മുൻകൂട്ടി അറിയിക്കേണ്ട മനുഷ്യത്വപരമായ ഉത്തരവാദിത്തംകൂടി കണ്ടക്ടർമാർക്ക് ഏറ്റെടുക്കേണ്ടിവരികയാണ്.
കല്ലേറ് പതിവായതോടെ അക്രമിയെ കണ്ടെത്തിയെങ്കിലും നിയമപരമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പോലീസിനും കെഎസ്ആർടിസി അധികൃതർക്കും. മനോനില തെറ്റിയ വൃദ്ധനാണ് കല്ല് എറിയുന്നതെന്നും അയാളുടെ ബന്ധു ഇവിടെ കുറേനാൾ മുന്പ് കെഎസ്ആർടിസി ബസിടിച്ച് മരണപ്പെട്ടതാണെന്നും പറയപ്പെടുന്നു. ഇതിനുശേഷമാണത്രെ വൃദ്ധൻ കെഎസ്ആർടിസി ബസുകൾക്ക് നേരേ മാത്രം കല്ലേറ് നടത്തുന്നത്.