കോട്ടയം: കളഞ്ഞുകിട്ടിയ ആഭരണം തിരികെ നൽകി ഓട്ടോറിക്ഷാ ഡ്രൈവർ മാതൃകയായി. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കാഞ്ഞിരം സ്വദേശി കറുകശേരിൽ പ്രദീഷാണു യാത്രക്കാരിയായ എരുമേലി സ്വദേശിനി റീനയുടെ കൈയിൽനിന്നും നഷ്്ടപ്പെട്ടു ഓട്ടോറിക്ഷായിൽ വീണ ചെയിൻ മടക്കി നൽകിയത്.
ശനിയാഴ്ച ഉച്ചയോടെ എരുമേലിയിൽനിന്നും സഹോദരിയുമൊത്ത് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ റീന പ്രദീഷിന്റെ ഓട്ടോയിൽ നാഗന്പടത്തേക്കു ഓട്ടം വിളിക്കുകയായിരുന്നു. തുടർന്ന് നാഗന്പടത്തുനിന്നും തിരികെ പോരുന്നതിനിടയിൽ വൈഡബ്ല്യുസിഎ, ലോഗോസ് എന്നിവിടങ്ങളിൽനിന്നും പ്രദീഷിന് ഓട്ടം ലഭിക്കുകയും തുടർന്നു മണിപ്പുഴയിൽ എത്തിയപ്പോൾ സ്റ്റാൻഡിലെ മറ്റു ഡ്രൈവർമാർ ആഭരണം നഷ്ടപ്പെട്ടിട്ടുള്ളതായി വിളിച്ചറിയിക്കുകയായിരുന്നു.
തുടർന്ന് ഓട്ടോയിൽ നടത്തിയ പരിശോധനയ്ക്കിടയിൽ സീറ്റിന്റെ സൈഡിലുള്ള മാറ്റിനിടയിൽനിന്നും ചെയിൻ കണ്ടെത്തി. ഉടൻതന്നെ യാത്രക്കാരിയോട് അവിടെ തന്നെ നിൽക്കുവാനും ചെയിൻ കിട്ടിയതായും വിവരം വിളിച്ചറിയിച്ചു. തിരികെ സ്റ്റാൻഡിലെത്തിയ പ്രദീഷ് കളഞ്ഞു കിട്ടിയ ആഭരണം റീനയ്ക്കു തിരികെ നൽകുകയായിരുന്നു.