കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്കു വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ രാജു (കരാട്ടെ രാജു) വിനാണു വെട്ടേറ്റത്.
ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷംനാസിന്റെ സഹോദരന് ഷംനാദാണ് രാജുവിനെ വെട്ടിയതെന്നാണു സൂചന.
തലയ്ക്കു വെട്ടേറ്റ രാജുവിനെ ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. രാജു അടക്കമുള്ള ആളുകളെ ആക്രമിക്കുമെന്ന് ഷംനാദും സഹോദരനുമടക്കമുള്ളവര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജുവിനെ ആക്രമിച്ചത്.
കെഎസ്ആര്‍ടിസി ഓട്ടോ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ക്രിമിനൽ സംഘത്തിൽപ്പെട്ടവർ സര്‍വീസ് നടത്തുന്നതായും അമിത കൂലി ഈടാക്കുന്നതായും ആരോപണങ്ങളുണ്ട്. ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടലും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായിരിക്കുന്നത്.