കൊച്ചി: കെഎസ്ആർടിസിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിനോടും കെഎസ്ആർടിസിയോടും ഹർജിയിൽ കോടതി വിശദീകരണം തേടി.
കഴിഞ്ഞ ദിവസമാണ് എംഡി ബിജു പ്രഭാകർ കോർപ്പറേഷനിലെ 100 കോടിയുടെ അഴിമതിക്കഥ പുറത്തുപറഞ്ഞത്. മുൻ അക്കൗണ്ട്സ് മാനേജർ ശ്രീകുമാറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം.
എംഡിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ കെഎസ്ആർടിസി സൂപ്പർ വൈസർ ജൂഡ് ജോസഫ് എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കോർപ്പറേഷൻ ഓഡിറ്റിംഗിൽ കണ്ടെത്തിയ കാര്യം ഗൗരവമുള്ളതാണെന്നും അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഹർജി പരിഗണിക്കുന്നതിനിടെ ഇത്തരം ഹർജികൾ പൊതുതാത്പര്യ ഹർജികളായിട്ടാണ് സമർപ്പിക്കേണ്ടതെന്ന് കോടതി ഹർജിക്കാരനെ ഓർമിപ്പിച്ചു.