ബാലരാമപുരം : ഇറക്കേണ്ട സ്റ്റോപ്പിൽ നിർത്താത്തതിനാൽ യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ചെന്പൂര് പുതുവൽ പുത്തൻവീട്ടിൽ ബാബു (55)വിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാവിലെ ഏഴിനു തേന്പാമൂട്ട് ജംഗ്ഷനിലാണ് സംഭവം. കാട്ടാക്കട നിന്നു വിഴിഞ്ഞം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ എരുന്നാവൂർ എത്തിയപ്പോൾ ഇറങ്ങണമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർ ബെല്ലടിച്ച് വണ്ടി നിർത്തിയത് തേന്പാമുട്ടം ഭാഗത്തായിരുന്നു.
ഇതിൽ പ്രകോപിതനായ ബാബു കണ്ടക്ടറെ അസഭ്യം പറയുകയും പുറത്തിറങ്ങി വണ്ടിയുടെ പിൻഭാഗത്തെ ഗ്ലാസ് കല്ലെറിഞ്ഞുടക്കുകയുമായിരുന്നു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു. തന്നെ കണ്ടക്ടർ മർദിച്ചുവെന്ന ബാബുവിന്റെ പരാതിയിന്മേൽ കണ്ടക്ടർ ബാലരാമപുരം കട്ടച്ചൻകുഴി കുഞ്ചുവിള ഷിബുസദനത്തിൽ എസ്. ഷിബു (40)വിന്റെ പേരിലും പോലീസ് കേസെടുത്തു.