കൊച്ചി: ഡീസൽ വില വർധനവിലും സ്പെയർ പാർട്സ് ക്ഷാമത്തിലും നട്ടംതിരിഞ്ഞ് വട്ടം കറങ്ങുന്ന കെഎസ്ആർടിസി ദിനവും വാർത്തകളിൽ നിറയുന്പോൾ കൊച്ചിയിൽനിന്നു മറ്റൊരു സംഭവം. അറ്റകുറ്റ പണികൾക്കായി പിന്നിലെ രണ്ട് ടയറുകളും അഴിച്ചുവച്ചിരുന്ന ബസ് സർവീസ് നടത്തിയത് ചേർത്തലയിൽനിന്നും നെട്ടൂർവരെ 29 കിലോമീറ്റർ.
ചേർത്തലയിൽനിന്ന് വൈറ്റിലയിലേക്കു സർവീസ് നടത്തുന്ന ചേർത്തല ഡിപ്പോയിലെ ബസാണ് ഇത്തരത്തിൽ സർവീസ് നടത്തിയത്. ചേർത്തല തണ്ണീർമുക്കം സ്വദേശി ബൈജുവെന്ന ഡ്രൈവറാണ് ഈ ബസ് ദിവസങ്ങളായി ഓടിച്ചുവന്നിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്നു പുലർച്ചെ ഇയാൾ ഡിപ്പോയിലെത്തി കാർഡ് വാങ്ങി.
കാർഡിൽ രേഖപ്പെടുത്തിയ ബസിന്റെ നന്പർ ഏതെന്നുപോലും ശ്രദ്ധിക്കാത്ത ഡ്രൈവർ തന്റെ സ്ഥിരം ബസിൽ കയറി. ഈ ബസിന്റെ ടയറുകൾ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നലെ ഉൗരിമാറ്റിയിരുന്നു. ഇതറിയാത്ത ബൈജു ബസ് പരിശോധിക്കുകപോലും ചെയ്യാതെ വൈറ്റിലയിലേക്കു തിരിച്ചു.
യാത്രയ്ക്കിടെ മറ്റൊരു കെഎസ്ആർടിസി ബസിലെ ജീവനക്കാരൻ വിവരം അറിയിച്ചതായാണു സൂചന. ഇതിനുമുന്പുതന്നെ ടയറില്ലാത്ത ബസിന്റെ യാത്ര നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലെത്തിയപ്പോൾ സമീപത്തെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞു വിവരം പോലീസിൽ അറിയിച്ചു.
പിന്നീട് സ്ഥലത്തെത്തിയ പോലീസ് യാത്രികരെ മറ്റൊരു ബസിൽ കയറ്റിവിട്ടശേഷം കയ്യോടെ ബസ് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. തുടർന്ന് മണിക്കൂറുകൾക്കുശേഷം രണ്ട് ടയറുകളും ഘടിപ്പിച്ചശേഷമാണ് ബസ് വിട്ടുകൊടുത്തത്. സംഭവത്തിൽ ഡ്രൈവർ ബൈജുവിനെതിരേ കേസെടുത്തതായും പോലീസ് പറഞ്ഞു.