വൈക്കം: ബാക്കി നൽകിയ തുകയിൽ മുഷിഞ്ഞ നോട്ട് ഉൾപ്പെടുത്തിയെന്ന് ആരോപിച്ചു കെഎസ്ആർടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചെന്നു പരാതി.
പരിക്കേറ്റ വൈക്കം കെഎസ്ആർടിസിഡിപ്പോ കണ്ടക്ടർ മംഗൾ വിനോദി (34 )നെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11ന് വൈക്കത്തുനിന്ന് ആലപ്പുഴയ്ക്കു സർവീസ് പോയ കെഎസ്ആർടിസി ബസ് വൈക്കം വലിയ കവലയിൽ എത്തിയപ്പോഴാണ് യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തെത്തുടർന്നു സർവീസ് മുടങ്ങി. മരണാനന്തര ചടങ്ങിൽ സംബന്ധിക്കാനായി മുഹമ്മയ്ക്കു ടിക്കറ്റെടുത്ത വൈക്കം പോളശേരി സ്വദേശിയായ അറുപതുകാരന് കണ്ടക്ടർ ബാക്കി നൽകിയ തുകയിൽ മുഷിഞ്ഞു ദ്വാരം വീണ നോട്ടു ലഭിച്ചതാണ് വയോധികനെ പ്രകോപിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് യാത്രക്കാരനും കൂട്ടാളികളും കെഎസ്ആർടിസി ഡിപ്പോയിലെത്തി ഭീഷണി മുഴക്കിയതായി ഡിപ്പോ അധികൃതർ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ടു പോലീസ് കേസെടുത്തു.
നടപടി സ്വീകരിക്കണമെന്ന്
വൈക്കം: ബാക്കി നൽകിയ തുകയിൽ മുഷിഞ്ഞ നോട്ടുണ്ടായിരുന്നതിൽ പ്രകോപിതനായി യാത്രക്കാരൻ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ കുറ്റക്കാരനെതിരേ ഉടൻ നടപടി സ്വീകരിക്കണമെന്ന് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി നിലമേൽ സുജാവുദ്ധീൻ, സംസ്ഥാന സെക്രട്ടറി കടയ്ക്കൽ സുനിൽ എന്നിവർ ആവശ്യപ്പെട്ടു.