കോഴിക്കോട്: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സെർവർ തകരാറിലായത് യാത്രക്കാരെ വലച്ചു.ഇന്നലെ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബുക്കിംഗ് കൗണ്ടറിൽ എത്തിയവർ നിരാശരായി മടങ്ങി. രണ്ടുമണിക്കൂറോളം സെർവർ തകരാറിലായതോടെ മറ്റു യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിച്ചു.
നവരാത്രി ഉൾപ്പെടെയുളള അവധി ദിവസങ്ങൾ വരാനിരിക്കേ സ്വകാര്യ ബസുകളെ സഹായിക്കാനാണോ ഈ സർവർ തകരാർ എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. അവധികാലത്ത് സ്പെഷൽ സർവീസുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. അത് എതൊക്കെയെന്നറിയുന്നതിനും തങ്ങളുടെ യാത്ര ഉറപ്പിക്കുന്നതിനും നിരവധിപേരാണ് ഇന്നലെ സ്റ്റാൻഡിൽ എത്തിയത്.
അവരെല്ലാം നിരാശരായി മടങ്ങി. ഇതിനൊപ്പം ഇന്നലെ യാത്രപോകേണ്ടിയിരുന്നവരും വിഷമവൃത്തത്തിലായി.കെഎസ്ആർടിസിയുടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് റിസർവേഷൻ കരാർ നിലവിൽ കെൽട്രോണിനാണ്. സർവർ തകരാറിലായതോടെ അരൊക്കെയാണ് ബുക്ക് ചെയ്തതെന്നു പോലും അറിയാൻ സാധിക്കാതെയാണ് പല ബസുകളും സർവീസ് നടത്തിയത്.