ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 12ബസ് സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വൻകിട സ്ഥാപനങ്ങൾ നടത്തുന്ന മലയാളിയായ പ്രവാസി വ്യവസായിയാണ് സബ്സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. കമ്പനികളുടെബ്രാൻഡിംഗ് മുഖേന കെഎസ് ആർടിസി സ്റ്റേഷനുകളുടെ മുഖഛായ മാറും.
പൊടിപടലങ്ങൾ നിറഞ്ഞ അസൗകര്യങ്ങളുള്ള സ്റ്റേഷനുകളൊക്കെ പൂർണമായും മാറ്റം വരുത്തി ബ്രാൻഡിംഗ് കമ്പനി ആധുനിക സൗകര്യങ്ങളൊരുക്കും.
പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ നിലവിലുള്ള കെട്ടിടങ്ങൾ ഭംഗിയും വൃത്തിയുമായി സൂക്ഷിച്ച് യാത്രാ സൗഹൃദമാക്കും. ബ്രാൻഡ് ചെയ്യുന്ന കമ്പനികൾക്ക് കെഎസ് ആർടിസിയുടെ സ്ഥലം പരസ്യങ്ങൾക്കും അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
ഭിത്തികളിൽ ഗ്രാനൈറ്റ് ഒട്ടിച്ചും തറയിൽ ടൈൽ ഒട്ടിച്ചും കെട്ടിടത്തിൽ അവരുടെ ഉത്പന്നത്തിന്റെ നിറം പെയിന്റ് ചെയ്തും മനോഹരവും വൃത്തിയുള്ളതുമാക്കും.
പൊതുജനങ്ങളും യാത്രക്കാരും ഇടപെടുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളും ബ്രാൻഡിംഗ് സ്ഥാപനത്തിന്റെ ഹൗസ്കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയിലായിരിക്കും. ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ കെ എസ് ആർടിസി കൈകാര്യം ചെയ്യും.
- പ്രദീപ് ചാത്തന്നൂർ