സ്വന്തം ലേഖിക
കണ്ണൂര്‍: ആനവണ്ടിയിലെ ഉല്ലാസയാത്ര ജനങ്ങൾ ഇരുംകൈയും നീട്ടിയാണ് സ്വീകരിച്ചത്.
പ്രായഭേദമന്യേ യാത്രക്കാർക്ക് പ്രിയം ഹൈറേഞ്ചിന്റെ പച്ചപ്പും മനോഹാരിതയും ആസ്വദിക്കാനാണെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
മൂന്നാര്‍ ട്രിപ്പിന് മണ്‍സൂണ്‍ കാലത്തും തിരക്കിട്ട ബുക്കിംഗാണ്. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷന്, കുണ്ടള തടാകം, ഇക്കോ പോയന്റ്, മാട്ടുപ്പെട്ടി അണക്കെട്ട് എന്നിവ കണ്ടുമടങ്ങാം.
യാത്രയില്‍ അനുഗമിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച 20 പേരാണ് കണ്ണൂരിലുള്ളത്. ഡ്രൈവര്‍, ഗൈഡ് കം ഡ്രൈവര്‍ എന്നിവരാണ് ബസിലുണ്ടാവുക.
ടൂര്‍ കോ-ഓർഡിനേറ്റര്‍മാരും ഒപ്പമുണ്ടാകും. ഡിടിഒ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യാത്രകള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും.
കെ.ജെ. റോയ്, കെ.ആര്. തന്‍സീര്‍ എന്നിവരാണ് ടൂര്‍ കോ-ഓർഡിനേറ്റര്‍മാര്‍. ദീര്‍ഘയാത്രക്ക് പുഷ്ബാക്ക് സീറ്റുകളോട് കൂടിയ സൂപ്പര്‍ എക്സ്പ്രസ് ബസുകളാണ് ഉപയോഗിക്കുക.
ഏകദിന യാത്രക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഓടും. ബലിപെരുന്നാളിനോട് അനുബന്ധിച്ച് വാഗമൺ,മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രത്യേക സർവീസും നടത്തുന്നുണ്ട്.
വരുമാനം 23 ലക്ഷം
കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി വിനോദയാത്രയില്‍ പ്രായഭേദമന്യേ ഇതിനോടകം നിരവധി പേരാണ് പങ്കെടുത്തത്.
ഇതുവഴി കണ്ണൂരിലെ കെഎസ്ആര്‍ടിസി നേടിയ വരുമാനം 23 ലക്ഷം രൂപ. അഞ്ച് മാസം കൊണ്ടാണ് കണ്ണൂര്‍ ഡിപ്പോ ഈ നേട്ടം സ്വന്തമാക്കിയത്.
വയനാട്ടിലേക്കായിരുന്നു ആദ്യയാത്ര സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍, കൂട്ടായ്മകള്‍ എന്നിവരായിരുന്നു യാത്ര ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.
പിന്നീട് 36 വയനാടന്‍ യാത്രകളാണ് കണ്ണൂരില്‍ നിന്നും നടത്തിയത്. ഏറ്റവും കൂടുതല്‍ ബുക്കിംഗ് ലഭിക്കുന്നതും വയനാട്ടിലേക്കാണ്. ചെറുസംഘമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് യാത്രകളുടെ പ്രത്യേകത.
ഇതിന് പുറമെ ഇടുക്കിയുടെ കാറ്റും കുമരകത്തെ കായല്‍സൗന്ദര്യവും തലസ്ഥാനനഗരിയിലെ കാഴ്ചകളും സഞ്ചാരികള്‍ക്ക് സമ്മാനിച്ചു.
ഒരു ദിവസം കൊണ്ട് പോയിവരാം
വയനാട്, പൈതല്‍മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട് എന്നിവയാണ് ഒരു ദിവസം കൊണ്ട് നടത്താവുന്ന യാത്രകള്‍.
രണ്ട് ദിവസം മൂന്നാറില്‍ കറങ്ങാന്‍ 1850 രൂപ മതി. മൂന്നു ദിവസത്തേക്കാണെങ്കില്‍ താമസവും യാത്രയും അടക്കം 2,500 രൂപയാകും.
വാഗമണ്‍-കുമരകം യാത്രക്ക് മൂന്നുദിവസത്തേക്ക് 3,900 ആണ് ചാര്‍ജ്. ഭക്ഷണം, താമസം, ഓഫ് റോഡ് സഫാരി, ഹൗസ് ബോട്ട് യാത്ര ഉള്‍പ്പെടെയാണ് പാക്കേജ്.
3,650 രൂപയുടെ തിരുവനന്തപുരം-കുമരകം പാക്കേജില്‍ ഭക്ഷണവും താമസവും ഹൗസ് ബോട്ട് യാത്രയും ഒപ്പം തിരുവനന്തപുരത്ത് ഡബിൾ ഡെക്കർ ബസില്‍ നഗരം ചുറ്റുകയും ചെയ്യാം.
ആഴ്ചതോറും ശനി, ഞായര്‍ ദിവസങ്ങളിലാണ് യാത്ര. ആവശ്യക്കാരുണ്ടെങ്കില്‍ മറ്റുദിവസങ്ങളിലും ഓടും. കഴിഞ്ഞ വേനലവധിക്ക് മിക്കദിവസവും യാത്രയായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കുടുംബശ്രീ യൂണിറ്റുകള്‍, അധ്യാപകര്‍ തുടങ്ങിയ സംഘങ്ങളും ആനവണ്ടിയില്‍ നാടുകാണാനിറങ്ങുന്നുണ്ട്. 60ലേറെ യാത്രകളാണ് നടത്തിയത്.