ചാത്തന്നൂർ: കെഎസ്ആർടിസി 220 പുതിയ ബസുകൾ വാങ്ങുന്നു. ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ഫുൾ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾ ആണ് വാങ്ങുന്നത്. നാല് സിലിണ്ടർ ഡീസൽ ബസുകൾ ബിഎസ് VI ശ്രേണിയിൽപ്പെട്ടതായിരിക്കും. മൂന്നു വർഷമോ അല്ലെങ്കിൽ നാലു ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ വാങ്ങുന്നത്.
സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകൾ വാങ്ങാൻ നീക്കം നടത്തുന്നത്. 1000 പുതിയ ബസുകൾ വാങ്ങാനുള്ള കെ എസ് ആർടിസിയുടെ ശ്രമത്തിന്റെ കൂടി ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയിൽ 220 ബസുകൾ വാങ്ങുന്നത്. 2016നു ശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തുന്നത്. നിലവിൽ കെഎസ്ആർടിസിക്കുള്ളതെല്ലാം പഴഞ്ചൻ ബസുകളാണ്. പലതും 15 വർഷമോ അതിലധികമോ പഴക്കമുള്ളതാണ്.
കെഎസ്ആർടിസിയുടെ കട ബാധ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ബസ് വാങ്ങാൻ തയാറെടുത്തത്. 3500 കോടിയായിരുന്ന ബാങ്ക് കൺസോർഷ്യത്തിന്റെ വായ്പ കുടിശിക ഇപ്പോൾ 2900 കോടിയായി കുറഞ്ഞു. സിബിൽസ് കോർ ഡി ഗ്രേഡിൽ നിന്നും സിഗ്രേഡായി ഉയരുകയും ചെയ്തു. 1000 പുതിയ ബസ് വാങ്ങാൻ 300 കോടി ബാങ്ക് വായ്പ എടുക്കാനാണ് നീക്കം. ഇതിന്സർക്കാർ ഗ്യാരന്റിയും കെഎസ്ആർടിസിയുടെ ആസ്തികൾ പണയമായും ബാങ്കിന് നല്കണം. അതിന് കെഎസ്ആർടിസി സന്നദ്ധമാണ്.
കെ. ബി. ഗണേശ് കുമാർ വകുപ്പ് മന്ത്രിയായി എത്തിയ ശേഷമാണ് പുതിയ ബസുകൾ വാങ്ങാനുള്ള ആശയം തന്നെ സജീവമായത്. ഒരു കോടിയിലേറെ രൂപ വിലയുള്ള ഇലക്ട്രിക് ബസുകൾ വാങ്ങുന്ന പണം കൊണ്ട് മൂന്ന് ഡീസൽ ബസുകൾ വാങ്ങാമെന്ന നിലപാടാണ് കെ.ബി. ഗണേശ് കുമാറിന്റേത്. മന്ത്രിയുടെ ഈ നിലപാട് വിവാദമായിട്ടുണ്ട്.
ടാറ്റ ബസുകൾക്ക് സാധ്യത
കെഎസ്ആർടിസി പുതുതായി വാങ്ങുന്ന 220 ബസുകൾ ടാറ്റാ മോട്ടാേഴ്സിന്റേതാകാൻ സാധ്യത. ടാറ്റ, അശോക് ലൈലാൻഡ്, ഐഷർ എന്നീ ബസ് നിർമാതാക്കളാണ് ടെണ്ടറിൽ പങ്കെടുക്കാൻ സാധ്യതയുള്ള ഇന്ത്യയിലെ ബസ് നിർമാതാക്കൾ.
ഐഷർ കമ്പനിയോട് പല കാരണങ്ങൾ കൊണ്ടും കെഎസ്ആർടിസിക്ക് താത്പര്യമില്ല.അശോക് ലൈലാൻഡ് കമ്പനിയും കെഎസ്ആർടിസിയും തമ്മിൽ പ്രശ്നങ്ങൾ നിലനില്ക്കുന്നുണ്ട്. കെ-സ്വിഫ്റ്റിന് 116 ബസുകൾ വാങ്ങിയത് കെഎസ്ആർടിസി മുഖേനയാണ്. അശോക് ലൈലാൻഡ് കമ്പനിക്ക് ഇനിയും ബസ് വില കൊടുത്തു തീർക്കാനുണ്ട്.
മാത്രമല്ല 116 ബസുകളിൽ ഒന്നിന്റെ ഷാസി പൊട്ടിയതും വലിയ പ്രശ്നമായിട്ടുണ്ട്. പ്രശ്നങ്ങൾ നിലനില്ക്കുന്ന സാഹചര്യത്തിൽ ലൈലാൻഡ് കമ്പനിയുമായി സുഗമമായ ഇടപാടിന് തീരെ സാധ്യതയില്ല.
പ്രദീപ് ചാത്തന്നൂർ