ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഉത്തരവ് മൂലം വന്‍ വരുമാനനഷ്ടമാണെന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് കെഎസ്ആര്‍ടിസിയില്‍ പരസ്യം നല്‍കുന്നത് ഹൈക്കോടതി റദ്ദാക്കിയത്. പരസ്യം റദ്ദാക്കിയതോടെ പ്രതിമാസം 13 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതെന്ന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചോയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ പറയുന്നു.
പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് കോടതി ഉത്തരവ് വന്‍ തിരിച്ചടിയായി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം നല്‍കാറുള്ളതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. വ്യക്തമായ പഠനമില്ലാതെയാണ് ഉത്തരവുണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തേതുടര്ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിയിലെ പരസ്യം റദ്ദാക്കിയത്. ബസുകളിലെ പരസ്യം അപകടസാധ്യത കൂട്ടുമെന്ന നിരീഷണത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്.