ചേര്‍ത്തല: കുഴഞ്ഞു വീണ യുവതിക്കു കരുതലായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും സഹയാത്രികരും. നിമിഷ വേഗത്തില്‍ ബസ് ആംബുലന്സായപ്പോള് കൊച്ചിയുടെ തിരക്കിനെ വകഞ്ഞുമാറ്റി ബസ് അമൃതാ മെഡിക്കല്‍ കോളജിന്റെ അത്യാഹിത വിഭാഗത്തിനു മുന്നിലാണ് നിര്‍ത്തിയത്.
യുവതി അപകടനില തരണം ചെയ്തെന്നുറപ്പാക്കിയാണ് ജീവനക്കാരും യാത്രക്കാരും മടങ്ങിയത്. ചേര്‍ത്തല ഡിപ്പോയില്‍ നിന്നു രാവിലെ 7.15 ന് അരൂക്കുറ്റി വഴി അമൃതാ മെഡിക്കല്‍ കോളജിലേക്കു പോയ കെഎസ്ആര്‍ടിസി ബസാണ് ഇടക്കാല ആംബുലന്‍സായത്.
വടുതലയില്‍ നിന്നു കയറിയ ഹസീനയെന്ന യുവതിയാണ് അരൂരില്‍ കുഴഞ്ഞു വീണത്. യാത്രക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും യുവതി ഉണരാതെ വന്നതാണ് ആശങ്കയാക്കിയത്.
ഉടന്‍ ബസ് സമീപത്തെ കുമ്പളത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ ചികിത്സ കിട്ടിയില്ല. അടുത്ത ആശുപത്രിയിലെത്തുന്നതിനിടെ ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും സമയത്തില്‍ സജ്ജമായില്ല. ഉടന്‍തന്നെ യാത്രക്കാര്‍ ബസ് സൗകര്യപ്രദമായ ആശുപത്രിയിലേക്കു തിരിക്കാന്‍ പിന്തുണ നല്കി.
യാത്രക്കാര്‍ സഹകരിച്ചതോടെ ഡ്രൈവര്‍ എൻ.എസ്. സജിമോനും കണ്ടക്ടര്‍ സി.പി. മിനിയും ചടുലമായ നീക്കത്തിലൂടെ വാഹനം മറ്റൊരിടത്തും നിര്‍ത്താതെ അമൃത ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു.
ലൈറ്റിട്ട് സിഗ്നല്‍ ജംഗ്ഷനുകള്‍ കരുതലോടെ കടന്നായിരുന്നു ആശുപത്രിയിലെത്തിച്ചത്.അരമണിക്കൂറോളം ഇവിടെ തങ്ങി യുവതിയുടെ ബന്ധുക്കളെ വിളിച്ച് കാര്യങ്ങള്‍ ഏല്പിച്ചാണ് ഇരുവരും മടങ്ങിയത്.
ഇടക്കിറങ്ങേണ്ട യാത്രക്കാരെല്ലാം സഹകരിച്ചതാണ് സഹായകരമായതെന്ന് ഡ്രൈവര്‍ വയലാര്‍ സ്വദേശി സജിമോനും കണ്ടക്ടര്‍ കലവൂര്‍ സ്വദേശി സി.പി. മിനിമോളും പറഞ്ഞു.