കൊച്ചി: കെഎസ്ആർടിസി ബസ് ജീവനക്കാരുടെ ഡ്യൂട്ടി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തിയ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടു പാലായിലെ സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി.
കെഎസ്ആർടിസി ഡ്രൈവർമാർ 16 മുതൽ 24 മണിക്കൂർ വരെ ജോലി നോക്കുന്നുണ്ടെന്നും നിലവിലുണ്ടാകുന്ന വാഹനാപകടങ്ങൾ 21 ശതമാനവും കെഎസ്ആർടിസി ബസുകൾ ഉൾപ്പെട്ടവയാണെന്നും ഹർജിയിൽ പറയുന്നു.
ഡ്യൂട്ടി പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ചു നേരത്തെ ഹൈക്കോടതിയുടെ വിധിയുണ്ടായെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടപടിയെടുത്തില്ല. ഫെബ്രുവരി 23നു ഡ്യൂട്ടി സമയം എട്ടു മണിക്കൂർ എന്നു വ്യക്തമാക്കി ഉത്തരവ് ഇറക്കിയെങ്കിലും ഇതു നടപ്പാക്കാൻ ഒന്നും ചെയ്തില്ല.
ഡ്യൂട്ടി സമയം നിശ്ചയിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ വേണ്ടിയാണു കെഎസ്ആർടിസി ഇത്തരമൊരു ഉത്തരവിറക്കിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.