കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറെ മര്‍ദിച്ച സംഭവം കൂടുതല്‍ പ്രശ്‌നമാകുമെന്നു കണ്ടതോടെ വന്‍തുക കെട്ടിവച്ച് ഒത്തുതീര്‍പ്പാക്കി. തിരുവനന്തപുരം-തിരുവില്വാമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ബുധനാഴ്ച രാത്രി പത്തിനാണ് നാടകീയ സംഭവം അരങ്ങേറിയത്. ഉറങ്ങിപ്പോയ യാത്രക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞിരുന്നു. ഇറങ്ങണമെന്നാവശ്യപ്പെട്ടപ്പോള്‍ അടുത്ത സ്‌റ്റോപ്പില്‍ ആകാമെന്നായി കണ്ടക്ടര്‍. അപ്പോഴാണ് സഹയാത്രക്കാരനായ കോണ്‍ഗ്രസ് നേതാവ് എന്‍.എസ്. വര്‍ഗീസ് ബസിലെ മണിയടിച്ചതും ആറ്റൂരില്‍ ബസ് നിര്‍ത്തിയതും. ഇവിടെ യാത്രക്കാരന്‍ ഇറങ്ങിപ്പോയി.
കണ്ടക്ടര്‍ രാഷ്ട്രീയക്കാരനോട് ക്ഷുഭിതനായി മണി കെട്ടിവെച്ചു. തുടര്‍ന്ന് വാക്കേറ്റവും ഉന്തും തള്ളുമായി. ബസ് നേരേ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്. ബസോട്ടം അവസാനിപ്പിച്ച് കണ്ടക്ടര്‍ ചേലക്കര ആശുപത്രിയില്‍ ചികിത്സയും തേടി. തന്നെ മര്‍ദിച്ചെന്നു കാണിച്ച് പോലീസില്‍ പരാതിപ്പെട്ടു. പിന്നീട് പോലീസാണ് തിരുവില്വാമല വരെയുള്ള ബസിലെ മറ്റു യാത്രക്കാരെ ജീപ്പില്‍ വീടുകളില്‍ എത്തിച്ചത്.
കെഎസ്ആര്‍ടിസി ഐഎന്‍ടിയുസി യൂണിയനില്‍പെട്ട ജീവനക്കാരനാണ് മര്‍ദനമേറ്റയാള്‍. സംഭവം പുറത്തായതോടെ നഷ്ടപരിഹാരം നല്‍കി സംഭവം പറഞ്ഞുതീര്‍ക്കുന്നതിനായി ശ്രമം. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ കെഎസ്ആര്‍ടിസി അധികൃതരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ബസ് സര്‍വീസ് മുടങ്ങിയതിന്റെ ഭാഗമായി വന്ന നഷ്ടപരിഹാര തുകയായ 65,000 രൂപ കെട്ടിവയ്ക്കാന്‍ വര്‍ഗീസ് തയാറാകുകയായിരുന്നു. പരിക്കേറ്റ അനില്‍കുമാറിന്റെ ചികിത്സയ്ക്കാവശ്യമായ തുകയും നല്കാന്‍ ധാരണയായി. ഇതോടെ, ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്നു വ്യക്തമാക്കിയതിനാല്‍, പോലീസ് കേസെടുക്കാതെ വിടുകയായിരുന്നു. മുള്ളൂര്‍ക്കരയിലെ കോണ്‍ഗ്രസിന്റെ മുന്‍ ബ്ലോക്ക് പ്രസിഡന്‍റും മുള്ളൂര്‍ക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു വര്‍ഗീസ്.