തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും മേയർ സഞ്ചരിച്ച കാറാണ് ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തതെന്ന് യദു പറഞ്ഞു.
തന്നോട് മോശമായി സംസാരിച്ചപ്പോഴാണ് താനും തിരിച്ചുപറഞ്ഞത്. മേയറാണ് അതെന്ന് അപ്പോഴും അറിയില്ലായിരുന്നു. താൻ മേയറോട് ഒന്നും പറഞ്ഞില്ല. കൂടെയുണ്ടായിരുന്നയാളോടാണ് പ്രതികരിച്ചത്. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ അല്ലാതെ ഒരു തെറ്റും താൻ ചെയ്തിട്ടില്ലന്ന് യദു പറഞ്ഞു. അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യദു ആരോപിച്ചു.
പാളയത്ത് യാത്രക്കാരെ ഇറക്കി മുന്നോട്ടു പോയപ്പോഴാണ് ബസിനെ മറികടന്ന് കാർ കുറുകെ നിർത്തിയത്. രണ്ട് യുവാക്കൾ ഇറങ്ങിവന്ന് ‘അച്ഛന്റെ വകയാണോ റോഡ്’ എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ‘എന്റെ അച്ഛന്റെ വകയല്ല, നിങ്ങളുടെ അച്ഛന്റെ വകയാണോ’ എന്ന് തിരികെ ചോദിച്ചു എന്നും യദു പറഞ്ഞു. പതിനഞ്ചോളം യാത്രക്കാരെ പാളയത്ത് ഇറക്കിവിട്ട ശേഷം മേയറുടെ ഭർത്താവ് ബസിൽ കയറി ഇരുന്നെന്നും യദു ആരോപിച്ചു.
അതേസമയം, കെഎസആര്‍ടിസി ഡ്രൈവര്‍ക്കെതിരേ ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
കാർ ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കിയെന്നും മേയർ മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസിന് പരാതി നൽകി.ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.