ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 816 ബസുകൾ റോഡിലിറക്കാൻ കഴിയാത്ത അവസ്ഥയിൽ വർക്ക് ഷോപ്പുകളിൽ സുഖനിദ്രയിൽ. ഇതിൽ 145 എണ്ണവും (17 ശതമാനം)എഞ്ചിൻ അസംബ്ലി തകരാറിനെത്തുടർന്ന് ഡോക്കിൽ ആയതാണ്. ഇതിന് പുറമെ റേഡിയേറ്റർ, സിലിണ്ടർ ഹെഡ്, ഗ്യാസ്കറ്റ്, വാട്ടർ പമ്പ്, എഞ്ചിൻ ഓവർ ഹീറ്റിംഗ് മുതലായ കാരണങ്ങളാൽ ഡോക്കിൽ ഉള്ള വാഹനങ്ങളുമുണ്ട്.
എല്ലാം കൂടി ഏകദേശം 25% ബസുകളാണ് എഞ്ചിൻ സംബന്ധമായ തകരാറുകൾ മൂലം ഡോക്കിൽ ഉള്ളത്. കഴിഞ്ഞ 26നു പുറത്തിറക്കിയ കെഎസ്ആർടിസിയുടെ രേഖയിലാണ് ഈ വിവരങ്ങൾ .ഇവയിൽ പലതും ശരിയായ പ്രിവന്റീവ് മെയ്ന്റനൻസിന്റെ അഭാവം കൊണ്ടുണ്ടായതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
എഞ്ചിൻ ഓവർ ഹീറ്റിംഗ് തകരാറുകൾ ഉണ്ടായ ബസുകൾ അധികം താമസിയാതെ എഞ്ചിൻ മാറ്റേണ്ട അവസ്ഥയിലേക്ക് വരുന്നുവെന്നും കാണുന്നുണ്ട്. ഒരു എഞ്ചിൻ റീകണ്ടീഷൻ ചെയ്യുന്നതിന് മാത്രം ശരാശരി ഒരു ലക്ഷം രൂപ ചെലവു വരുന്നുണ്ട്. ഇതിനു പുറമേയാണ് ഇത് മൂലമുണ്ടാകുന്ന ഡോക്ക് ദിനങ്ങൾ, കടത്തു ചിലവുകൾ,എഞ്ചിൻ മാറ്റി ഫിറ്റ് ചെയ്യുന്നതിനുള്ള മനുഷ്യാധ്വാന ദിനങ്ങൾ എന്നിവ മൂലമുള്ള ചിലവുകൾ.
എഞ്ചിനുകൾക്ക് കാലപ്പഴക്കം മൂലം സംഭവിക്കാവുന്ന സ്വാഭാവിക തകരാറുകൾ അല്ലാതുള്ള തകരാറുകൾ പൂർണമായും ഒഴിവാക്കുന്നതിന് നിർദേശങ്ങൾ നല്കിയിട്ടുണ്ട്. എല്ലാ ഗാരേജ് അധികാരികളും ഇത് പ്രവർത്തിപഥത്തിൽ കൊണ്ടു വരുന്നതിനു പ്രത്യേക നിഷ്കർഷ പുലർത്തണം.എയർ ഫിൽറ്റർ പരിപാലനം കൃത്യമായി നടത്തുക, ഓയിൽ ചെയ്ഞ്ചുകൾ നിശ്ചിത പിരിയോഡിസിറ്റിയിൽ നിന്ന് 500 കിലോമീറ്ററിലധികം അധികരിക്കരുത് കൂളിംഗ് സിസ്റ്റം പരിപാലനം കൃത്യമാക്കുക, കൂളിംഗ് സിസ്റ്റം ഫ്ലഷ് ചെയ്തു മാത്രം കൂളന്റ് ചെയ്ഞ്ച് ആക്ടിവിറ്റി പൂർത്തിയാക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. 3600 ഓളം ബസുകളാണ് നിലവിൽ നിരത്തിലോടിക്കുന്നത്.
പ്രദീപ് ചാത്തന്നൂർ