സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് കെഎസ്ആര്‍ടിസി. ജനങ്ങളുടെ നികുതിപ്പണം കട്ടുമുടിക്കാന്‍ മാത്രം തീറ്റിപ്പോറ്റുന്ന വെള്ളാനയെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ജീവനക്കാരുടെ പെന്ഷന് മാസങ്ങളായി മുടങ്ങിയിട്ടും ശമ്പളത്തില്‍ കാലതാമസം വരുത്തിയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഹങ്കാരത്തിന് തെല്ലും കുറവു വന്നിട്ടില്ലെന്നതാണ് അടുത്ത ദിവസങ്ങളില്‍ കാണുന്ന കാഴ്ച്ചകള്‍.
മിന്നല്‍ സര്‍വീസില്‍ പെണ്‍കുട്ടിയെ കൃത്യസ്ഥലത്ത് ഇറക്കാതെ പോയത് കഴിഞ്ഞമാസമാണ്. ഇതിന് ജീവനക്കാര്‍ വ്യാപക പ്രതിഷേധത്തിന് ഇരയായിരുന്നു. തൊട്ടുപിന്നാലെ എറണാകുളം തലക്കോട് ജീവനക്കാരെ സ്റ്റോപ്പില്‍ ഇറക്കാത്തതിന്റെ പേരില്‍ യാത്രക്കാരനുമായി വാക്കുതര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത് ഈ തിങ്കളാഴ്ച്ചയാണ്.
കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരം ബാലരാമപുരത്ത് സ്റ്റോപ്പില്‍ വണ്ടി നിര്‍ത്താത്തതിന് കെഎസ്ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്തതും കഴിഞ്ഞദിവസമാണ്. രാവിലെ ഏഴിനു തേമ്പാമൂട്ട് ജംഗ്ഷനിലാണ് സംഭവം. കാട്ടാക്കട നിന്നു വിഴിഞ്ഞം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസില്‍ എരുന്നാവൂര് എത്തിയപ്പോള്‍ ഇറങ്ങണമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ ബെല്ലടിച്ച് വണ്ടി നിര്‍ത്തിയത് തേമ്പാമുട്ടം ഭാഗത്തായിരുന്നു. ഇതില്‍ പ്രകോപിതനായ ബാബു കണ്ടക്ടറെ അസഭ്യം പറയുകയും പുറത്തിറങ്ങി വണ്ടിയുടെ പിന്‍ഭാഗത്തെ ഗ്ലാസ് കല്ലെറിഞ്ഞുടക്കുകയുമായിരുന്നു. തന്നെ കണ്ടക്ടര്‍ മര്‍ദിച്ചുവെന്ന ബാബുവിന്റെ പരാതിയിന്മേല് കണ്ടക്ടര്‍ ബാലരാമപുരം കട്ടച്ചന്കുഴി കുഞ്ചുവിള ഷിബുസദനത്തില് എസ്. ഷിബു (40)വിന്റെ പേരിലും പോലീസ് കേസെടുത്തു.
കെഎസ്ആര്‍ടിസിയില്‍ പെന്ഷന് ലഭിക്കാത്തത് വലിയ വാര്‍ത്തയായെങ്കിലും സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. യാത്രക്കാരോട് തോന്നിയരീതിയില്‍ പെരുമാറുകയും തോന്നിയവിധം സര്‍വീസ് നടത്തുകയും ചെയ്യുന്നതുമൂലം പലര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരോട് വലിയ താല്പര്യമില്ല.