പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനിസൂപ്പര്മാര്ക്കറ്റുകളിലൂടെനിത്യജീവിതത്തില്പൊതുജനങ്ങള്ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക.
കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗത ഭക്ഷണരീതി ഇഷ്ടപ്പെടുന്നവര്‍ ആയതിനാല്‍ റസ്റ്റോറന്റുകളില്‍ പരമ്പരാഗത ഭക്ഷണം ഉച്ചയ്ക്ക് ഒരു വിഭവമായി ഉള്‍പ്പെടുത്തി നല്‍കുക എന്നിവയാണ് ലക്ഷ്യം.
ദീർഘദൂരബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റെസ്റ്റോറന്റുകളിലും മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കുന്നതിനും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സൗകര്യമൊരുക്കാനാണിത്. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്. വൈകാതെതന്നെ മറ്റു സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
അടൂര്‍,കാട്ടാക്കട, പാപ്പനംകോട്, പെരുമ്പാവൂര്‍, റീജിയണൽ വർക്ക് ഷോപ്പ് എടപ്പാള്‍,ചാലക്കുടി, നെയ്യാറ്റിന്‍കര,നെടുമങ്ങാട്,ചാത്തനൂര്‍, അങ്കമാലി,ആറ്റിങ്ങല്‍, മൂവാറ്റുപുഴ, കായംകുളം,തൃശൂര്‍ എന്നിവയാണ് ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകൾ.
മിനി സൂപ്പർ മാർക്കറ്റുകളും റസ്റ്റാറൻ്റുകളും നടത്താൻ കെഎസ് ആർ ടി സി യുടെ കെട്ടിടം വാടകയ്ക്ക് വിട്ടു നല്‍കും. കെട്ടിടമില്ലാത്ത സ്ഥലങ്ങളിൽ ഇത് നടത്തുന്നതിന് ലൈസൻസ് എടുക്കുന്നവർ താത്ക്കാലിക കെട്ടിടം സ്വന്തം ചിലവിൽ നിർമ്മിക്കണം. അഞ്ചു വർഷത്തേയ്ക്കാണ് ലൈസൻസ് നല്‍കുന്നത്.
ഭക്ഷ്യ സുരക്ഷാ ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് ഫുഡ് ഉള്ള എസി, നോണ്‍ എസി റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിപ്പിക്കാം.മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ജീവിതത്തില്‍ പൊതു ഉപയോഗത്തിനായുള്ള സാധാരണ പലചരക്ക് സാധനങ്ങള്‍ ഉണ്ടായിരിക്കണം.
വ്യത്യസ്തമായ സൈന്‍ ബോര്‍ഡുകളുള്ള പുരുഷൻമാര്ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം റസ്റ്ററന്റുകളില്‍ ഉണ്ടായിരിക്കണം.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണം. നിര്‍ദിഷ്ട റസ്റ്റോറന്റുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ കെഎസ്ആര്‍ടിസിയുടെ സിഎംഡിയുടെ അംഗീകാരത്തോടെ ലൈസന്‍സി നിര്‍വഹിക്കേണ്ടതാണ്.