മാവേലിക്കര: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മാവേലിക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ജാക്കിലിവറുമായെത്തി സ്വകാര്യബസ് ജീവനക്കാരന്റെ വധഭീഷണി.
കെഎസ്ആർടിസി ജീവനക്കാർ ഉടന്‍തന്നെ പോലീസില്‍ അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
ഇന്നലെ രാവിലെ പത്തോടെ തഴക്കര വേണാട് ജംഗ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയിൽനിന്ന് ഹരിപ്പാടിനു പോയ ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട-ഹരിപ്പാട് റൂട്ടില്‍ താത്കാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാമോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്.
സ്വകാര്യബസിലെ ജീവനക്കാര്‍ കുറെനേരം കെഎസ്ആര്‍ടിസി ബസ് ജംഗ്ഷനില്‍ തടഞ്ഞിട്ടു. പിന്നീടാണ് തങ്ങള്‍ക്ക് അനുവദനീയമായ റൂട്ടില്‍നിന്ന് അരകിലോമീറ്ററോളം മാറി സഞ്ചരിച്ച് യാത്രക്കാരുമായി കെഎസ്ആര്‍ടിസി സ്റ്റാൻഡിനു മുന്നിലെത്തിയത്.
ബസില്‍നിന്ന് ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈസമയം സ്റ്റാൻഡില്‍ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍ ഭയന്ന് ഓടിമാറി.
സംഭവത്തില്‍ കെഎസ്ആര്‍ടിസി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയതായും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും ജോയിന്റ് ആര്‍ടിഒ എം.ജി. മനോജ് അറിയിച്ചു.
സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയതായും ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ്ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു.