ചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്ററന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുകയും റസ്റ്ററന്റുകളിലൂടെ പരമ്പരാഗത ഉച്ചഭക്ഷണം നല്കുകയുയാണ് ലക്ഷ്യം.
ദീർഘദൂരബസുകളിലെ യാത്രയ്ക്കിടയില്‍ റിഫ്രഷ്മെന്റിനായി നിര്‍ത്തുന്ന ബസിലെ യാത്രക്കാര്‍ക്ക് ഇത്തരം റസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാം. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിൽനിന്ന് അവശ്യസാധനങ്ങള്‍ വാങ്ങുകയുമാകാം. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്ററന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നത്.
ഇതിലേക്കായി ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന ബസ് സ്റ്റേഷനുകളും ലഭ്യമായിട്ടുള്ള സ്ഥല വിസ്തീര്‍ണ്ണവും. സ്ഥല വിസ്തീർണ്ണം ചതുരശ്ര അടിയിൽ ( ബ്രായ്ക്കറ്റിൽ). അടൂര്‍ (1500), കാട്ടാക്കട (4100), പാപ്പനംകോട് (1000), പെരുമ്പാവൂര്‍ (1500), റീജണൽ വർക്ക് ഷോപ്പ് എടപ്പാള്‍ (1000), ചാലക്കുടി (1000), നെയ്യാറ്റിന്‍കര (1675), നെടുമങ്ങാട് (1500), ചാത്തന്നൂര്‍ (1700), അങ്കമാലി (1000), ആറ്റിങ്ങല്‍ (1500), മൂവാറ്റുപുഴ (3000), കായംകുളം (1000), തൃശൂര്‍ (2000). മിനി സൂപ്പർ മാർക്കറ്റുകളും റസ്റ്ററന്റുകളും നടത്താൻ കെഎസ്ആർടിസിയുടെ കെട്ടിടം വാടകയ്ക്ക് നല്‍കും. കെട്ടിടമില്ലാത്ത സ്ഥലങ്ങളിൽ ഇതു നടത്തുന്നതിന് ലൈസൻസ് എടുക്കുന്നവർ താത്കാലിക കെട്ടിടം സ്വന്തം ചെലവിൽ നിർമിക്കണം. അഞ്ചു വർഷത്തേയ്ക്കാണ് ലൈസൻസ് നല്‍കുന്നത്.
ഭക്ഷ്യ സുരക്ഷാ ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വെജ്, നോണ്‍ വെജ് ഫുഡ് ഉള്ള എസി, നോണ്‍ എസി റസ്റ്ററന്റുകള്‍ പ്രവര്‍ത്തിപ്പിക്കാം. മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ദൈനംദിന ജീവിതത്തില്‍ പൊതു ഉപയോഗത്തിനായുള്ള സാധാരണ പലചരക്ക് സാധനങ്ങള്‍ ഉണ്ടായിരിക്കണം. വ്യത്യസ്തമായ സൈന്‍ ബോര്‍ഡുകളുള്ള പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം ശുചിത്വമുള്ള ടോയ്ലറ്റ് സൗകര്യം റസ്റ്ററന്റുകളില്‍ ഉണ്ടായിരിക്കണം.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണം. നിര്‍ദിഷ്ട റസ്റ്ററന്റുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ ലൈസന്‍സി നിര്‍വഹിക്കണം. ശരിയായ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഉണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകൾ ലൈസൻസികൾ പാലിക്കണം. ദീർഘദൂര ബസുകളിൽ ലഘുഭക്ഷണവും കുടി വെള്ളവും വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും കെഎസ്ആർടി തയാറാക്കിയിട്ടുണ്ട്. അതും ഉടൻ നടപ്പാക്കും.
പ്രദീപ് ചാത്തന്നൂർ