എരുമേലി: കെഎസ്ആർടിസി ഫാസ്റ്റ് ബസിൽ യാത്ര ചെയ്ത വീട്ടമ്മയെ ഇറങ്ങേണ്ട സ്റ്റോപ്പും കഴിഞ്ഞ് ദൂരെ വനപാതയിൽ ഇറക്കിയെന്നു പരാതി. കിലോമീറ്ററുകൾ നടന്ന് വീട്ടിലെത്തിയ വീട്ടമ്മ തനിക്ക് നേരിട്ട തിക്താനുഭവം കെഎസ്ആർടിസി എരുമേലി സെന്ററിലും തുടർന്ന് വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥനെയും ഫോണിൽ അറിയിച്ചു.
എരുമേലി ഗ്രാമപഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരിയും നെടുങ്കാവുവയൽ സ്വദേശിനിയുമായ ജയശ്രീയെ ആണ് രാത്രിയാകാറായപ്പോൾ വിജനമായ വനപാതയിലിറക്കിവിട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനാണ് എരുമേലിയിൽ നിന്നു ബസിൽ കയറിയത്. മറ്റന്നൂർക്കരയിലിറങ്ങി അൽപ്പദൂരം നടന്നാൽ വീടെത്താം.
ടൗണിൽ നിന്നു രണ്ടര കിലോമീറ്റർ അകലെയാണ് മറ്റന്നൂർക്കര ജംഗ്ഷൻ. ഇവിടെ ബസുകൾക്ക് സ്റ്റോപ് ഉള്ളതാണ്. എന്നാൽ ഇവിടെ ബസ് നിർത്തിയില്ല. ബസ് നിർത്താനാവശ്യപ്പെട്ടെങ്കിലും നിർത്തിയത് അടുത്തുള്ള സ്റ്റോപ്പുകൾ കഴിഞ്ഞ് വനപാതയിലാണെന്ന് വീട്ടമ്മ പറയുന്നു. ഫാസ്റ്റ് പാസഞ്ചറായതിനാൽ എരുമേലി കഴിഞ്ഞാൽ പിന്നെ പത്ത് കിലോമീറ്റർ അകലെ പ്ലാച്ചേരിയിലാണ് ബസ് നിർത്തുകയെന്ന് കണ്ടക്ടർ പറഞ്ഞു.
വൈകുന്നേരം ആറിന് ശേഷം സ്ത്രീകളായ യാത്രക്കാരെ അവർ നിർദേശിക്കുന്ന സ്റ്റോപ്പിൽ ഇറക്കണമെന്ന നിയമം വീട്ടമ്മ ഉന്നയിച്ചു. തുടർന്ന് വാഗ്വാദത്തിനൊടുവിൽ എരുമേലി – മുക്കട റോഡിലെ വിജനമായ കരിമ്പിൻതോട് വനപാതയിൽ ബസ് നിർത്തി ഇറക്കി വിടുകയായിരുന്നു. ഇവിടെനിന്നു മൂന്നര കിലോമീറ്ററോളം ദൂരം നടന്നാണ് വീട്ടിലെത്തിയതെന്ന് വീട്ടമ്മ പറയുന്നു.
വീട്ടമ്മയുടെ സഹോദരൻ കെഎസ്ആർടിസിയിൽ ജീവനക്കാരനാണ്. തനിക്കുണ്ടായ അനുഭവം മറ്റാർക്കുമുണ്ടാകാതിരിക്കാനാണ് പരാതിപ്പെട്ടതെന്ന് വീട്ടമ്മ പറഞ്ഞു.അതേസമയം പരാതി രേഖാമൂലം എഴുതി നൽകിയാൽ അന്വേഷിക്കാമെന്ന നിലപാടിലാണ് കെഎസ്ആർടിസി അധികൃതർ.