പീരുമേട്: സ്വക്യാര്യ ബസിലെ യാത്രകളിലുണ്ടായ ദുരനുഭവങ്ങൾ അടുത്തിടെ ഏറെ ചർച്ചയാകുന്പോൾ കുമളി – കൊന്നക്കാട് കെഎസ്ആർടിസി ബസ് സർവീസ് ജനപ്രിയമാകുന്നു. യാത്രക്കാർക്ക് കുടിവെള്ളം വിതരണംചെയ്താണ് ബസ് ഡ്രൈവർ അഭിലാഷ് മാത്യുവും നജിമുദീനും മാതൃകയാകുന്നത്.
കുമളി ഡിപ്പോയിലെ ഏറെ തിരക്കുള്ള സർവീസാണ് കുമളി – കൊന്നക്കാട്. 950 കിലോമീറ്റർ താണ്ടിയുള്ള ഹൈറേഞ്ചിൽനിന്നുള്ള ഏറ്റവും ദൂരംകൂടിയ സർവീസാണിത്. മികച്ച സേവനവും നല്ലവരായ ജീവനക്കാരുമാണ് ഈ സർവീസിനെ കൂടുതൽ ജനപ്രിയമാക്കുന്നത്.
പ്രാരംഭഘട്ടമായി എല്ലാ ദീർഘദൂര യാത്രക്കാർക്കും ഒരുകുപ്പി വെള്ളമാണ് സൗജന്യമായി വിതരണംചെയ്തത്. ഇതിനാവശ്യമായ തുകയും ജീവനക്കാർതന്നെ കണ്ടെത്തുകയായിരുന്നു.കടുത്ത വേനലിൽ ദാഹജലം യാത്രക്കിടയിൽ അനിവാര്യമായ സാഹചര്യത്തിലാണ് ജീവനക്കാർ ദാഹജല വിതരണം എന്ന ആശയവുമായി മുന്നോട്ടുവന്നത്. ഇത് യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
ബസ് യാത്രക്കാരുമായുള്ള സൗഹൃദത്തിന് കുമളി – കൊന്നക്കാട് സർവീസ് മുന്പും പേരുകേട്ടിട്ടുണ്ട്. ദീർഘദൂര യാത്രയിലെ ഉല്ലാസത്തിനായി യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാർ പാട്ടുകേട്ട് യാത്ര ചെയ്യാനുള്ള സൗകര്യം ബസിൽ സജ്ജമാക്കിയിട്ടുണ്ട്. പരസ്പരം ആശയവിനിമയം നടത്താൻ കണ്ടക്ടറുടെ നേതൃത്വത്തിൽ വാട്ട്സാപ്പ് കൂട്ടായ്മയും പ്രവർത്തിക്കുന്നുണ്ട്. ബസിന്റെ സമയക്രമവും സ്ഥാനവും അറിയാൻ യാത്രക്കാർക്ക് ഈ കൂട്ടായ്മ സഹായകമാണ്.
യാത്രക്കാർക്ക് കുടിവെള്ളം നൽകുന്ന ജീവനക്കാരുടെ പദ്ധതിക്ക് സഹായവുമായി കുമളി കെ എസ്ആർടിസി ഡിപ്പോയും ’ആന’വണ്ടിയുടെ ആരാധകരും മുന്നോട്ടുവന്നിട്ടുണ്ട്. കുമളിയിൽനിന്നും ദിവസവും വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന ബസ് കുട്ടിക്കാനം, മുണ്ടക്കയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ചെറുപുഴവഴി പിറ്റേദിവസം രാവിലെ 7.10-നു കൊന്നക്കാട് എത്തും. കൊന്നക്കാടുനിന്നും വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന ബസ് പിറ്റേന്ന് രാവിലെ 7.50-ന് കുമളിയിലെത്തും.