ചാത്തന്നൂർ : ജീവനക്കാർക്കായിസ്വന്തം കലണ്ടർ തയാറാക്കി കെ എസ്ആർടിസി വിതരണം ചെയ്യുന്നു. സർക്കാർ അവധി ദിവസങ്ങൾ, കെ എസ് ആർടിസിയുടെ അവധി ദിവസങ്ങൾ, വിശേഷ ദിവസങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സാധാരണ രീതിയിലുള്ള കലണ്ടറാണിത്. ജീവനക്കാർക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ജീവനക്കാരുടെ ലിസ്റ്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് കലണ്ടർ വിതരണം. ഇതാരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ വർഷം കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യമായി സ്വന്തം കലണ്ടർ വിതരണം ചെയ്തിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെയായിരുന്നു കലണ്ടർ പുറത്തിറക്കിയതും ജീവനക്കാർക്ക് വിതരണം ചെയ്തതും. ഈ വർഷവും ഐ ഒ സി യുടെ സഹകരണത്തോടെയാണ് കലണ്ടർ തയാറാക്കിയത്. എല്ലാപേജുകളിലും ഐഒസിയുടെയും കെ എസ് ആർടിസിയുടെയും പരസ്യമുണ്ട്.
കെ എസ് ആർ ടി സിയുടെ ട്രാവൽ കാർഡിനെക്കുറിച്ചും ദീർഘദൂര സർവീസുകൾ, സ്ലീപ്പർ കോച്ചുകൾ, തുടങ്ങിയ കെ എസ് ആർ ടി സി യുടെ സർവീസുകളെക്കുറിച്ചും സമയത്തെക്കുറിച്ചും വ്യക്തവും വിശദവുമായ അറിയിപ്പുകളും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രദീപ് ചാത്തന്നൂർ