പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ബസുകളിൽ സ്ഥാപിക്കുന്നതിനായി കാമറകൾ വാങ്ങാൻ കെ എസ് ആർടിസി. 99,71000 രൂപ ചെലവിട്ട് 130 കാമറകളാണ് വാങ്ങാൻ കഴിഞ്ഞ ഏഴിന് കരാർ നല്കിയത്.
അശോക് ലൈലാൻഡ് കന്പനിയുടെ ഗ്ലോബൽ ടി വി എസ് എന്ന സ്ഥാപനമാണ് ബസുകളിൽ കാമറകൾ സ്ഥാപിക്കുന്നത്.
കെ – സ്വിഫ്റ്റിന്റെ ദീർഘ ദൂര ആഡംബര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിക്കുന്നത്. ബസിനുള്ളിലെ യാത്രക്കാരെയും ജീവനക്കാരെയും നിരീക്ഷിക്കുന്ന തരത്തിലുള്ള ഡാഷ്ബോർഡ് കാമറകളാണ് വാങ്ങുന്നത്.
ഏഴിന് കരാർ നല്കിയെങ്കിലും എത്ര ദിവസത്തിനകം ഇത് സ്ഥാപിക്കണമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടില്ല. കെ – സ്വിഫ്റ്റിന്റെ ദീർഘ ദൂര സർവീസുകൾ 11 – ന് വൈകുന്നേരം മുതലാണ് സർവീസ് ആരംഭിക്കുന്നത്.
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഒമ്പത് ദിവസമായിട്ടും വിതരണം ചെയ്തിട്ടില്ല. പെൻഷൻകാർക്ക് ഒരു മാസത്തെ പെൻഷൻ കുടിശികയുണ്ട്.
ഈ സാഹചര്യത്തിൽ കാമറകൾ സ്ഥാപിക്കാൻ ലക്ഷങ്ങൾ ചില വഴിക്കുന്നതിനെതിരെ ജീവനക്കാർ പ്രതി ഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.
അവധി ദിവസങ്ങൾ പ്രമാണിച്ച് പ്രത്യേകം തിരുവനന്തപുരം സർവീസ്
ചാത്തന്നൂർ: വിഷു, പെസഹ വ്യാഴം, ദുഃഖ വെള്ളി തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങൾക്ക് മുൻപുള്ള പ്രവൃത്തി ദിവസമായ 13 – ന് കെഎസ്ആർടിസി തിരുവനന്തപുരത്തേയ്ക്ക്പ്രത്യേകം സർവീസ് നടത്തും.
തുടർച്ചയായ അവധി ദിവസങ്ങൾക്ക് മുമ്പുള്ള ബുധനാഴ്ച യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ 19 ഡിപ്പോകളിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്തു എത്തി ചേരത്തക്കവിധം ഫാസ്റ്റ് പാസ്സഞ്ചറോ സൂപ്പർ ഫാസ്റ്റോ സർവീസ് നടത്തണമെന്നാണ് നിർദേശം.
ബസുകൾ അധികമായി ക്രമീകരിച്ച് അയക്കണമെന്നാണ് സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് .കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ 17 ഡിപ്പോകളിൽ നിന്നും എറണാകുളം , തൃശൂർ എന്നീ ഡിപ്പോകളിൽ നിന്നുമാണ് സർവീസ് അയയ്ക്കണ്ടത്.
അന്നേ ദിവസം തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫീസറോടൊപ്പം വികാസ് ഭവൻ, പേരൂർക്കട, വെള്ളനാട്, പാപ്പനംകോട് യൂണിറ്റ് ഓഫീസർമാർ തിരുവനന്തപുരം സിറ്റി യൂണിറ്റിലും തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഓഫീസറോടൊപ്പം പാറശാല, കിളിമാനൂർ, വെഞ്ഞാറമൂട്, കണിയാപുരം, വെള്ളറട യൂണിറ്റ് ഓഫീസർമാർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലും കേന്ദ്രീകരിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ തിരക്കു കഴിയുന്നതുവരെ സർവീസ് ഓപ്പറേഷന് മേൽനോട്ടം വഹിക്കണം.
കൂടാതെ എല്ലാ യൂണിറ്റ് ഓഫീസർമാരും ഓൺലൈൻ റിസർവേഷൻ സ്റ്റാറ്റസ് പരിശോധിച്ച് അവരവരുടെ യൂണിറ്റുകളിൽ തിരക്കുള്ള മേഖലകളിലേയ്ക്ക് അധിക സർവ്വീസുകൾ ഓൺലൈൻ റിസർവേഷനിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊളളണം.