യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! കെഎസ്ആര്‍ടിസിയും കാഷ് ലെസാകുന്നു; പ്രീപെയ്ഡ് കാര്‍ഡുകള്‍ അടുത്താഴ്ച മുതല്‍

ksrtc_2111

തിരുവനന്തപുരം: യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. അണ്‍ലിമിറ്റഡ് യാത്രാ ഓഫറുകളുമായി പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇറക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്.

1000 രൂപ മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്കാണ് കാര്‍ഡുകള്‍ ഇറക്കുക. 1000, 1500, 3000, 5000 എന്നിങ്ങനെയാകും സ്മാര്‍ട്ട് കാര്‍ഡുകളുടെ സ്ലാബുകള്‍. ഓരോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുന്‍കൂട്ടി നിശ്ചയിട്ടുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ അടുത്ത ആഴ്ചയോടെ പുറത്തിറക്കും.

1000 രൂപയുടെ ബ്രോണ്‍സ് കാര്‍ഡാണ് ഏറ്റവും കുറഞ്ഞത്. ഇതിനുശേഷം 1500 രൂപയുടെ സില്‍വര്‍ കാര്‍ഡും 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡും 5000 രൂപയുടെ പ്രീമിയം കാര്‍ഡും പുറത്തിറക്കുന്നുണ്ട്. ബ്രോണ്‍സ് കാര്‍ഡില്‍ ജില്ലയ്ക്കുള്ളില്‍ മാത്രമാണ് നിയന്ത്രണമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്നത്. സില്‍വര്‍ കാര്‍ഡുപയോഗിച്ച് ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ സംസ്ഥാനത്ത് എവിടെയും യാത്രചെയ്യാം. ഗോള്‍ഡ് കാര്‍ഡില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സംസ്ഥാനത്തെവിടെയും സഞ്ചരിക്കാം. പ്രീമിയം കാര്‍ഡുപയോഗിച്ച് സ്കാനിയ വോള്‍വോ ഒഴികെയുള്ള കോര്‍പ്പറേഷന്റെ ബസുകളില്‍ സഞ്ചരിക്കാം.

ഒരു മാസമായിരിക്കും കാര്‍ഡിന്റെ കാലാവധി. മൊത്തം കാലയളവിലോ പ്രതിദിനമോ ചെയ്യാവുന്ന യാത്രയ്ക്ക് പരിധിയുണ്ടാവില്ല. കാലാവധിക്കുശേഷം കാര്‍ഡുകള്‍ വീണ്ടും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.

Related posts