പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓരോ യൂണിറ്റുകളും സ്വയം പര്യാപ്തയിലെത്തിക്കാനും ലാഭ കേന്ദ്രങ്ങളാക്കി മാറ്റാനും നടപടി തുടങ്ങി. പരീക്ഷണാർഥം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലാണ് ഇത് നടപ്പാക്കുന്നത്.
കെഎസ്ആർടിസിയിലെ ചീഫ് ലോ ഓഫീസർ ഡി. ഷിബു കുമാറിന് അധികചുമതലയായി ഇതിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ദീർഘ ദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് സെൻട്രൽ ഡിപ്പോയിൽ നിന്നായതിനാലാണ് ലാഭ കേന്ദ്രമാക്കാനുള്ള പരീക്ഷണം ഇവിടെ നിന്നാരംഭിക്കുന്നത്.
സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ യൂണിറ്റുകളെയും സ്വയം പര്യാപ്തമാക്കാനും ലാഭ കേന്ദ്രങ്ങളാക്കാനും നീക്കം തുടങ്ങിയത്.
ഓരോ ദീർഘ ദൂര സർവീസും പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്യുന്ന സമയം ശാസ്ത്രീയമായി ക്രമീകരിക്കുകയാണ് പ്രധാനം.യാത്രക്കാർക്ക് വിശ്വാസ യോഗ്യമായ നിലയിൽ സമയക്രമം പാലിക്കുക, ദീർഘ ദൂര സർവീസ് നടത്തുന്ന ബസുകളുടെ ക്ലാസ് തിരിച്ചുള്ള ക്രമീകരണം, യാത്രക്കാർക്ക് പരിരക്ഷ, ഫ്രണ്ട് ഓഫീസ് യൂസർ ഫ്രണ്ട് ഓഫീസാക്കുക തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് ഡി. ഷിബു കുമാറിന് സെൻട്രൽ ഡിപ്പോയിലേയ്ക്ക് നിയോഗിച്ചിരിക്കുന്നത്.