ചാത്തന്നൂർ: കെഎസ് ആർടിസിയുടെ 178 ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സിഎഫ് ) ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത്. 15 വർഷം പൂർത്തിയാക്കാത്ത ബസുകളാണ് വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് മുന്നിൽ ഹാജരാക്കാതെ ഡോക്കിൽ കയറ്റിയിട്ടിരിക്കുന്നത്.
എസ്ആർടിസിയുടെ15 വർഷം കാലാവധി കഴിഞ്ഞ 1261 ബസുകൾ പരിവാഹനിൽ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളിൽ കൂടി സർവീസ് നടത്തുന്നുണ്ട്. കാലപ്പഴക്കം കൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ഈ ബസുകൾക്കുണ്ട്. എന്നിട്ടും യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടായിട്ടും ഈ ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തുകയാണ്.
ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മാന്വൽ ആയാണ് ഇവയുടെ രജിസ്ട്രേഷൻ സൂക്ഷിക്കുന്നത്.പരിവാഹനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് കൊണ്ട് ഈ ബസുകൾ ഇൻഷ്വർ ചെയ്യാനും കഴിയില്ല.
കാലാവധി കഴിഞ്ഞ ബസുകൾ നിരത്തിലോടിക്കുമ്പോഴാണ് കാലാവധി ഉള്ള ബസുകൾ സി എഫ് ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത് ആയിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് കെ എസ് ആർടിസിക്ക് നാലായിരത്തിയഞ്ഞൂറോളം ബസുകളും പ്രതിദിനം മൂവായിരത്തിനാനൂറോളം സർവീസുകളുമാണുള്ളത്. പ്രതിദിനം ശരാശരി18.5 ലക്ഷം യാത്രക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.
15 ബസുകൾ കട്ടപ്പുറത്ത് കയറ്റിയ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ് മുന്നിൽ. കട്ടപ്പുറത്ത് 10 ബസുകൾ സൂക്ഷിക്കുന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തും 8 ബസുകൾ സി എഫ് ടെസ്റ്റ് നടത്താത്ത പാറശാല മൂന്നാം സ്ഥാനത്തുമാണ്.അത്യാവശ്യം വേണ്ട സ്പെയർ പാർട്സുകളുടെ അപര്യാപ്തതയാണ് ബസുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ കഴിയാത്തതിന് ഒരു കാരണം.
മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ കുറവും പ്രധാനമാണ്. നിലവിലുള്ള മെക്കാനിക്കൽ ജീവനക്കാർ ഡബിൾ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന് ജീവനക്കാർ പരാതി പറയുന്നു. ഡിപ്പോകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അലസതയും അലംഭാവവും സി എഫ് ടെസ്റ്റ് നടത്താൻ ബസുകൾ സജ്ജമാക്കുന്നതിന് വീഴ്ചവരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡിസബർ 17-ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സി എഫ് ടെസ്റ്റിന് അയയ്ക്കണമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നിട്ടും 178 ബസുകൾ കട്ടപ്പുറത്തായി. ഈ ബസുകൾ 11നകം അറ്റകുറ്റപണികൾ പൂർത്തിയാക്കി സി എഫ് ടെസ്റ്റ് നടത്തണമെന്ന് ശനിയാഴ്ച വീണ്ടും ടെക്നിക്കൽ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ കർശനനിർദ്ദേശം നല്കിയിരിക്കയാണ്.
- പ്രദീപ് ചാത്തന്നൂർ