കോട്ടയം: കെഎസ്ആർടിസിയുടെ പുതിയ പരിഷ്കാരം യാത്രക്കാർക്കു ദുരിതം സമ്മാനിക്കും. തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയുടെ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുകയാണ്. ഇനി ബസുകളുടെ റൂട്ട് തിരക്കി ഉറപ്പാക്കിയശേഷമേ യാത്ര തിരിക്കാവു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-തൃശൂർ റൂട്ടിലാണു പോയിന്റ് ടു പോയിന്റ് ചെയിൻ സർവീസുമായി പുതിയ പരീക്ഷണത്തിനു കെഎസ്ആർടിസി തയാറെടുക്കുന്നത്.
പുതിയ പരിഷ്കാരം വൻ ലാഭം നേടിതരുമെന്നാണ് കോർപറേഷനിലെ സാന്പത്തിക വിദഗ്ധരുടെ കണ്ടുപിടുത്തം. ഇനി മുതൽ കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കട്ടപ്പന ഡിപ്പോകളിൽനിന്നും നേരിട്ട് തിരുവനന്തപുരത്തേക്കു ഫാസറ്റ് പാസഞ്ചർ ബസുകൾ ഉണ്ടാവില്ല. യാത്രക്കാർ ആദ്യം കോട്ടയത്ത് എത്തണം. പീന്നിട് മറ്റൊരു ബസിൽ കയറി കൊട്ടാരക്കരയിൽ ഇറങ്ങണം. വീണ്ടും മറ്റൊരു ബസിൽ തിരുവനന്തപുരത്തേക്കു പോകാം.
ഇങ്ങനെ പല തവണ കയറിയിറങ്ങിയാലെ ലക്ഷ്യസ്ഥാനത്ത് എത്താൻ പറ്റു. പാലായിൽനിന്നും തിരുവനന്തപുരം യാത്രയ്ക്കെടുക്കുന്ന സമയം 4.50 മണിക്കൂറായിരുന്നെങ്കിൽ ഇനി നാലു ബസുകൾ കയറിയിറങ്ങുന്പോൾ സമയം ആറു മണിക്കൂറിലധികമാകും. ഇതിലുടെ ഒരു തിരുവനന്തപുരം യാത്രയ്ക്കു 25 മുതൽ 32 രൂപവരെ കെഎസ്ആർടിസിയ്ക്കു അധികമായി ലഭിക്കുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്കു പോകുന്നവർ കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഇറങ്ങി കയറേണ്ടതുണ്ട്. എംസി റോഡിലുടെ യാത്ര ചെയ്യുന്നവർ കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഇറങ്ങികയറിയാലെ തൃശൂരിലെത്താൻ കഴിയു. പാലാ ഡിപ്പോയിൽനിന്നും കൊല്ലം ടെക്നോപാർക്ക് വഴി തിരുവനന്തപുരത്തിനു പുലർച്ചെ നാലിനു പോകുന്ന ഫാസ്റ്റ് പാസഞ്ചർ ഇനി മുതൽ കായംകുളം വരെ പോയാൽ മതിയെന്നാണു പുതിയ ഉത്തരവ്.
രാത്രി 7.15നു വൈറ്റിലയിൽനിന്നും കാഞ്ഞിരപ്പള്ളിയിലേക്കുള്ള സർവീസ് പാലായിൽ അവസാനിപ്പിക്കും. തൃശൂരിൽനിന്നും രാവിലെ 11നു പാലായിലേക്കുള്ള സർവീസ് ഇനിയുണ്ടാവില്ല. പാലായിൽനിന്നും രാവിലെ ഏഴിനും ഉച്ചകഴിഞ്ഞു 3.30നുമുള്ള തൃശൂർ സർവീസും നിർത്തി. ഈ സർവീസിനു പ്രതിദിനം 16000 രൂപ 20000 രൂപവരെ കളക്ഷൻ ഉണ്ടായിരുന്നതാണ്.
ഇതിനു സമാനമായ സാഹചര്യമാണ് തൊടുപുഴ, കോട്ടയം, ഈരാറ്റുപേട്ട, ഡിപ്പോകളിലുമുള്ളത്. യാത്രക്കാർക്കു ദുരിതം സമ്മാനിക്കുന്ന ഇത്തരം ഭരണ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ നിലവിലുള്ള രീതിയിൽ തുടരണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.