പത്തനംതിട്ട: ആങ്ങമൂഴി – അടൂർ ചെയിൻ സർവീസ് ആരംഭിക്കാനുള്ള നിർദേശം ഒരു വിഭാഗം ഉദ്യോഗസ്ഥരും സ്വകാര്യബസ് ഉടമകളും ചേർന്ന് അട്ടിമറിക്കുന്നു. കഴിഞ്ഞയാഴ്ച ചെയിൻ സർവീസ് തുടങ്ങാനിരുന്നതാണ്. ഇതിനായി ടൈം ഷെഡ്യൂളും ബസിന്റെ ബോർഡുകളും വരെ തയാറായതാണ്. എന്നാൽ ഉന്നത തലത്തിലുള്ള ചില ഉദ്യോഗസ്ഥർ അട്ടിമറിക്ക് കൂട്ടു നിൽക്കുന്നതായി ഇപ്പോൾ കെഎസ്ആർടിസി ജീവനക്കാർ തന്നെ ആരോപിക്കുന്നു.
പത്തനംതിട്ട- ചിറ്റാർ- ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു പ്രമുഖ സ്വകാര്യ ബസിന്റെ ഉടമയും കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലെ ചിലരും ചേർന്നാണ് അട്ടിമറി ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നിട്ടുള്ളത്. മുമ്പും ഇതേപോലെ ചെയിൻ സർവീസ് തുടങ്ങാൻ തീരുമാനിച്ചതാണെങ്കിലും നടക്കാതെ പോയി.
ആങ്ങമൂഴി റൂട്ട് ചില സ്വകാര്യ ബസുകളുടെ കുത്തകയാണ്. ചെയിൻ സർവീസ് തുടങ്ങിയാൽ ഈ റൂട്ടിലെ സ്വകാര്യ ബസ് സർവീസ് തകരുമെന്നാണ് അവർ പറയുന്നത്. ചെയിൻ സർവീസ് തുടങ്ങാനായി പത്തനംതിട്ട ഡിപ്പോയിലെ അഞ്ച് ബസുകളും അടൂർ ഡിപ്പോയിലെ ആറ് ബസുകളും നേരത്തെ അനുവദിചതാണ്. 20 കണ്ടക്ടർമാർ 14 ഡ്രൈവർമാർ എന്നിവരെയും പത്തനംതിട്ട, അടൂർ ഡിപ്പോകളിലായി നിയോഗിച്ചിരുന്നു.
ചെയിൻ സർവീസ് തുടങ്ങാൻ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ഡിടിഒ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര, വെള്ളനാട് ഡിപ്പോകളിൽ നിന്നാണ് നിയമിച്ചത്. രാവിലെ 5.30 ന് പത്തനംതിട്ടയിൽ നിന്നും ആങ്ങമൂഴിക്ക് ആദ്യ സർവീസ് ആരംഭിക്കും വിധമാണ് ടൈം ഷെഡ്യൂൾ തയാറാക്കിയത്.
ആങ്ങമൂഴിയിൽ നിന്ന് സീതത്തോട്, ചിറ്റാർ, മണിയാർ, വടശേരിക്കര, പത്തനംതിട്ട, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൊടുമൺ, ഏഴംകുളം, പറക്കോട് വഴി അടൂരിലേക്കാണ് പുതിയ ചെയിൻ സർവീസ്. പത്തനംതിട്ട നിന്നും കൊടുമൺ, ഏഴംകുളം വഴി അടൂരിലേക്ക് സ്വകാര്യ ബസുകൾ മാത്രമാണുളളത്. മണിക്കൂറോളം കാത്തു നിന്നാലെ ബസ് കിട്ടുകയുള്ളൂ. വൈകുന്നേരം 6.40 കഴിഞ്ഞാൽ പിന്നെ ഈ റൂട്ടിൽ ബസുകൾ ഒന്നും ഇല്ല.
പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഭൂരിഭാഗം ബസുകളും റൂട്ടിൽ ഓടാറുമില്ല. വലിയ യാത്രാക്ലേശം അനുഭവപ്പെടുന്ന റൂട്ടുകളിൽ ഒന്നാണിത്. ജില്ലയിലെ പ്രധാന റൂട്ടായിട്ടും രാത്രികാലത്ത് യാത്ര ചെയാൻ പറ്റാത്ത സ്ഥിതിയുമാണ്. അവധി ദിവസങ്ങളിൽ മിക്ക സ്വകാര്യ ബസുകളും സർവീസ് മുടക്കാറുണ്ട്. ചെയിൻ സർവീസ് തുടങ്ങിയാൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന ജീവനക്കാർക്കുൾപ്പെടെ ഇതു സഹായകരമാകും.