മങ്കൊന്പ്: കാവാലം കോട്ടയം മെഡിക്കൽ കോളജ് റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസുകളുടെ സുഗമമായ സർവീസ് നടത്തിപ്പിന് സ്വകാര്യബസുകൾ ഭീഷണിയാകുന്നതായി ആക്ഷേപം. കോട്ടയത്തു നിന്നും, ചങ്ങനാശേരി നിന്നും കൈനടി വരെ സർവീസ് നടത്തുന്ന സ്വകാര്യബസുകളാണ് സമയക്രമം തെറ്റിച്ചും കെഎസ്ആർടിസി ബസുകൾക്ക് സൈഡ് കൊടുക്കാതെയും ഭീഷണി ഉയർത്തുന്നത്.
പലപ്പോഴും കെഎസ്ആർടിസി ബസ് വരുന്നതുവരെ കാത്തുകിടക്കുന്ന സ്വകാര്യ ബസുകൾ പിന്നീട് ഇവയുടെ യാത്രയ്ക്കു തടസമാകുന്ന തരത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് ആക്ഷേപം.സ്റ്റോപ്പിൽ ഒതുക്കി നിർത്തേണ്ട സ്വകാര്യ ബസുകൾ റോഡിലേക്കു കയറ്റിയാണ് നിർത്തി യാത്രത്താരെ ഇറക്കുകയും, കയറ്റുകയും ചെയ്യുന്നത്. അതുവരെ കെഎസ്ആർടിസി ബസുകൾ യാത്രക്കാരുമായി കാത്തുകിടക്കേണ്ട ഗതികേടിലാണ്.
സൈഡ് നൽകാത്തത് ചോദ്യം ചെയ്യുന്ന കെഎസ്ആർടിസി ഡ്രൈവർമാരെ അസഭ്യം പറയുന്ന സംഭവങ്ങളും പതിവാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ചൊവ്വാഴ്ചയും ഇത്തരം സംഭവം ആവർത്തിച്ചു.രാവിലെ 10.15ന് കാവാലത്ത് നിന്നു പുറപ്പെട്ട കഐസ്ആർടിസി ബസ് ഈരയിലെത്തിയപ്പോൾ സൗകാര്യബസ് കുറുകെയിട്ട് യാത്ര തടസപ്പെടുത്തിയ സംഭവമുണ്ടായി. കൈനടിയിൽ നിന്ന് 10.26ന് പുറപ്പെട്ട സ്വകാര്യബസ് കെഎസ്ആർടിസി ബസ് വരുന്നതും കാത്ത് അടുത്ത സ്റ്റോപ്പായ ചക്കച്ചംപാക്കയിൽ കിടക്കുകയായിരുന്നു.
തുടർന്ന് സൈഡ് നൽകാതെ മുന്നോട്ടുപോയി. ഈരയിൽ എത്തിയപ്പോൾ കെഎസ്ആർടിസി ഡ്രൈവറെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഇതുകണ്ട് നാട്ടുകാർ ഇടപെട്ട് ബസിനു കടന്നുപോകാൻ അവസരം ഒരുക്കുകയായിരുന്നു. മറ്റു പല സർവീസുകൾക്കും ഇത്തരത്തിൽ സ്വകാര്യബസുകൾ മാർഗതടസം സൃഷ്ടിക്കുന്നതായി യാത്രക്കാർ പറയുന്നു.
സ്വകാര്യബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ പോലീസ് നടപടി ഉണ്ടാകണമെന്ന് വിവിധ സംഘടനകളുടെ ആവശ്യം ഉയർന്നു കഴിഞ്ഞു. വർഷങ്ങൾക്കു മുന്പ് ഇവിടെ സ്വകാര്യ ബസിനെതിരെ നാടൊന്നാകെ സമരം ചെയ്തിട്ടുണ്ട്. കോടതിയുത്തരവുമായി സർവീസ് നടത്താനെത്തിയ സ്വകാര്യബസ് തടയുകയും, പിന്നീട് പെർമിറ്റ് റദ്ദുചെയ്യുകയുമുണ്ടായിട്ടുണ്ട്.