ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ചാത്തന്നൂർ ഡിപ്പോയിലെ ശുചി മുറികൾ ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചു മാറ്റി.ബദൽ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.
ഡിപ്പോയിലെത്തുന്ന യാത്രക്കാരും നാട്ടുകാരും ഇതോടെ ബുദ്ധിമുട്ടിലായിരിക്കയാണ്. അധികം പഴക്കമില്ലാത്ത ശുചി മുറികൾ കെഎസ്ആർടിസി പോലുമറിയാതെയാണ് പൊളിച്ചുമാറ്റിയതെന്നറിയുന്നു.
ജീവനക്കാർക്ക് ഉപയോഗിക്കാൻ ഓഫീസിലും വർക്ക്ഷോപ്പിലും ശുചി മുറികൾ ഉണ്ട്. യാത്രക്കാരും നാട്ടുകാരുമണ് വെട്ടിലായിരിക്കുന്നത്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്താണ് ബദൽ സംവിധാനമൊരുക്കാതെ ശുചി മുറികൾ പൊളിച്ചുമാറ്റിയത്.പുതിയ ശുചി മുറികളും കുളിമുറികളും വിശ്രമമുറിയും നിർമ്മിക്കാനാണ് ഇത് ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ദിജു പറഞ്ഞു.
സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശമനുസരിച്ചാണ് ഇത് ചെയ്യുന്നത്.
13 ലക്ഷം രൂപയാണ് ഇതിന് വേണ്ടി വിനിയോഗിക്കുന്നത്. ടി വി ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിശ്രമമുറിയിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.