ചാത്തന്നൂർ: അജ്ഞാതനായ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിന് നിമിത്തമായി മാറിയതിന്റെ നിർവൃതിയിലാണ് ചാത്തന്നൂർ കെഎസ്ആർടിസിയിലെ ഡ്രൈവർ സി.ജി. ഷാജിയും വനിതാ കണ്ടക്ടർ ശ്രുതിയും.
ഇവരുടെ ശ്രമത്തിന് ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അവരുടെ ബുദ്ധിമുട്ടുകൾ അവഗണിച്ച് സഹകരിക്കുകയും ചെയ്തപ്പോൾ , ആരോഗ്യ പ്രവർത്തകർ വീണ്ടെടുത്ത് നല്കിയത് ഒരു ജീവനും ജീവിതവും.
ഇന്നലെ ഉച്ചയോടെയാണ് ് സംഭവം. പാരിപ്പള്ളിയിൽ നിന്നും ബൈപ്പാസ് വഴി കരുനാഗപ്പള്ളിയിലേയ്ക്ക് സർവീസ് നടത്തുന്ന ചാത്തന്നൂർ ഡിപ്പോയിലെ ഓർഡിനറി സർവീസ്. ഈ ബസിലെ സ്ഥിരം കണ്ടക്ടർ അവധിയായതിനാൽ പകരമെത്തിയതാണ് വനിതാ കണ്ടക്ടർ ശ്രുതി.
ബസ് പാരിപ്പള്ളിയിൽ നിന്നും പുറപ്പെട്ടപ്പോൾ കല്ലുവാതുക്കൽ ഇറങ്ങാൻ ടിക്കറ്റെടുത്ത ഒരു യാത്രക്കാരനുമുണ്ടായിരുന്നു.
കല്ലുവാതുക്കൽ കഴിഞ്ഞ് ശീമാട്ടി ജംഗ്ഷൻ എത്താറായപ്പോഴാണ് കല്ലുവാതുക്കൽ ടിക്കറ്റെടുത്ത യാത്രക്കാരൻ ഇറങ്ങിയില്ലെന്നത് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്.
അയാൾ ഉറങ്ങുന്ന മട്ടിലായിരുന്നു. സഹയാത്രികരോട് അയാളെ വിളിച്ചുണർത്താൻ നിർദ്ദേശിച്ചു .വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ , യാത്രക്കാരൻ ബോധരഹിതനായി നിലത്തേയ്ക്ക് വീണു.
ഉടൻ ഡ്രൈവറെയും മറ്റ് യാത്രക്കാരെയും വിവരമറിയിച്ചു. ഡ്രൈവർ ഷാജി പിന്നൊന്നും ചിന്തിച്ചില്ല. ബസ് നേരെ തൊട്ടടുത്ത ആശുപത്രിയായ ചാത്തന്നൂർ സി എച്ച് സി യിലേയ്ക്ക് കുതിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്നഡോക്ടർ വിഷ്ണു ഉദയരാജും ആരോഗ്യ പ്രവർത്തകരും സ്ട്രക്ചറുമായി ഉടൻഎത്തി . ഡോക്ടർ ബസിനുള്ളിൽ കയറി പ്രാഥമിക ചികിത്സ നല്കിയ ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റി.
മണിക്കൂറുകളുടെ പരിചരണത്തിനും ചികിത്സയ്ക്കും ശേഷമാണ് യാത്രക്കാരനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
കല്ലുവാതുക്കൽ ഇടിയം വിള സ്വദേശിയും കൂലിപ്പണിക്കാരനുമായ അനീഷാ (38)ണ് ബോധരഹിതനായി വീണത്. ചികിത്സയ്ക്ക് ശേഷം അനീഷിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം രോഗിയെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു.