ചാത്തന്നൂർ: ഇടപാടുകാർ നല്കുന്ന ചെക്കുകൾ മടങ്ങുന്നതിനാൽ ബാങ്കുകൾ ഈടാക്കുന്ന ബൗൺസിംഗ് ചാർജ് ഇനത്തിലും കെ എസ് ആർടിസിക്ക് നഷ്ടമുണ്ടാകുന്നു. ഇനി മേലാൽ ഇടപാടുകാരിൽ നിന്നും ചെക്കുകൾ സ്വീകരിക്കരുതെന്ന് യൂണിറ്റ് അധികൃതർക്ക് ഫിനാൻസ് അഡ്വൈസറുടെ കർശന നിർദ്ദേശം. ഡിമാൻ്റ് ഡ്രാഫ്റ്റ് ആയി മാത്രമേ തുകകൾ സ്വീകരിക്കാവൂ.
ടിക്കറ്റിതര വരുമാനങ്ങളായ പരസ്യം, കെട്ടിട -കടമുറി വാടക, ബസുകൾ വിവിധാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നതിന്റെ ചാർജ് തുടങ്ങിയവയ്ക്കാണ് ഇടപാടുകാർ ചെക്കുകൾ നല്കുന്നത്.
ഇത് ബാങ്കിൽ നല്ക്കുമ്പോൾ മതിയായ തുകയില്ലെന്ന കാരണത്താൽ മടങ്ങുന്നുണ്ട്.മടങ്ങുന്ന ചെക്കുകൾക്ക് ബൗൺസിംഗ് ചാർജ് എന്ന പിഴ ബാങ്കുകൾ കെ എസ് ആർടിസിയിൽ നിന്നും ഈടാക്കുന്നുണ്ട്.
ചെക്ക് സ്വീകരിക്കുന്നത് മൂലം സമയത്ത് പണം കിട്ടാതിരിക്കുകയും പിഴ ഒടുക്കുകയും ചെയ്യേണ്ട ദയനീയാവസ്ഥ ഒഴിവാക്കാനാണ് തീരുമാനം ഇടപാട് പ്രക്രിയ ലഘൂകരിക്കാനും ക്ലിയറൻസിന്റെ പ്രോസസിംഗ് സമയം ലാഭിക്കാനും പിഴ ഉൾപ്പെടെയുള്ള ചാർജുകൾ ബാങ്കുകൾ ഈടാക്കുന്നത് ഒഴിവാക്കാനുമാണ് ചെക്കുകൾ ഒഴിവാക്കാനുള്ള നിർദ്ദേശത്തിന് പിന്നിൽ.
പ്രദീപ് ചാത്തന്നൂർ