തലയോലപ്പറന്പ്: സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്താതിരുന്നതിനെ തുടർന്ന് യാത്രക്കാരുമായി ഉണ്ടായ തർക്കത്തിനിടെ പ്രകോപിതനായ സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തു. ഇന്നലെ വൈകുന്നേരം അഞ്ചിന് തലയോലപ്പറന്പ് ഗവണ്മെന്റ്ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സായ വെട്ടിക്കാട്ട് മുക്ക് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ വെട്ടിക്കാട്ടുമുക്ക് സ്റ്റോപ്പിൽ ബസ്നിർത്താത്തത് സംബന്ധിച്ച് ജീവനക്കാരനുമായി തർക്കമുണ്ടായിരുന്നു. ബസ് ഇന്നലെ വൈകുന്നേരം വെട്ടിക്കാട്ടുമുക്കിൽ വന്നപ്പോൾ യുവതിയുടെ ഭർത്താവും സുഹൃത്തും ബസ് നിർത്താതിരുന്നത് ചോദ്യം ചെയ്തു.
ഇതിനിടയിൽ സ്വകാര്യബസ് പെട്ടെന്ന് മുന്നോട്ടെടുത്ത് തലയോലപ്പറന്പ് സ്റ്റാൻഡിലേക്ക് പോയി. ബൈക്കിൽ ബസിനെ പിന്തുടർന്നെത്തിയ ഇവർ കൈ കാണിച്ച് ബസ് നിർത്തുകയും ബസ് ക്ലീനറുമായി വീണ്ടും വാക്ക്തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിൽ ക്ഷുഭിതനായ ക്ലീനർ വൈക്കത്തു നിന്നും പാലായിലേക്ക് പോകുന്നതിനായി ഇതുവഴി വന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു.
പൊട്ടിയ ചില്ല് ദേഹത്ത് വീണ് കെ എസ് ആർ ടി സി യിൽ യാത്ര ചെയതിരുന്ന മൂന്ന് യാത്രക്കാർക്കുംപരിക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതിന് സ്വകാര്യ ബസ് ക്ലീനർ പത്തനംതിട്ട ചിറ്റാർ പുത്തൻപറന്പിൽ ഷാജി തോമസ് (43)നെ തലയോലപ്പറന്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.