റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ടത് ജനങ്ങളാണെന്നും ഹർത്താൽ ദിനങ്ങളിൽ കെഎസ്ആർടിസിയെ ആക്രമിക്കരുതെന്നുമുള്ള അഭ്യർത്ഥനയുമായി കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി. ഇന്ന് രാഷ്ടീയ സമരങ്ങൾക്കും ഹർത്താലുകൾക്കും തീവ്രത കാണിക്കുന്നതിനുള്ള ഉപാധിയായി കെഎസ്ആർടിസി ബസുകൾ മാറി.
പൊതുജനത്തിന്റെ സ്വത്തായ കെഎസ്ആർടിസിയെ അവശ്യസൗകര്യ വിഭാഗത്തിൽ ഉൾപ്പെടുത്തി പാൽ, പത്രം, ആശുപത്രി എന്നിവ പോലെ ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്നും ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ 3.35 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടായത്.
വർഷങ്ങളായി വിവിധ പ്രതിഷേധക്കാരുടെ മനസിൽ ഉറഞ്ഞുകൂടിയ ഒന്നാണ് ഹർത്താലിന് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയെന്നത്. അധികാര വർഗത്തിന്റെ ഒരു പ്രതീകം എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ എറഞ്ഞു തകർക്കാൻ ആരംഭിച്ചത്. പിന്നീട് അതൊരു കീഴ്വഴക്കമായി.
സർക്കാർ ഓഫീസുകൾ കണ്ടെത്തി ആക്രമിക്കാനുള്ള ബുദ്ധിമുട്ടും റോഡിലൂടെ തങ്ങളുടെ അടുക്കലേക്ക് എത്തുന്ന കെഎസ്ആർടിസി ബസുകളെ ആക്രമിക്കാനുള്ള എളുപ്പവും ഇതിനു കാരണമായി. എതിർപ്പും പ്രതിഷേധവും പ്രകടമാക്കുന്നതിന് ജനങ്ങൾ ഇഷ്ടപ്പെടുന്ന ആനവണ്ടി തകർക്കുകയെന്നതും പിന്നീട് സ്ഥിരം പരിപാടിയായി മാറി.
താൻ പല വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ ഇത്രയേറെ ഇഷ്ടപ്പെടുന്ന ഒരു വകുപ്പ് വേറെയില്ലെന്നു ബോധ്യമായിട്ടുണ്ടെന്നും തച്ചങ്കരി രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം കെഎസ്ആർടിസി ജീവനക്കാരോട് ജനങ്ങൾക്ക് എതിർപ്പുമുണ്ട്. ഇതിപ്പോൾ മാറി വരുന്നു. പലരും ഗ്രഹാതുരതയോടെയാണ് കെഎസ്ആർടിസി ബസിനെയും ബസ് യാത്രയെയും കാണുന്നത്.
നല്ലൊരു വിഭാഗം ജനങ്ങൾക്ക് കെഎസ്ആർടിസി ബസിൽ യാത്ര സൗജന്യമാണ്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയാണ് നല്ലൊരു ശതമാനം ബസുകളും സർവീസ് നടത്തുന്നത്. ലോകത്ത് പല രാജ്യങ്ങളിലും പട്ടണങ്ങളിലേക്കു പൊതുഗതാഗത സംവിധാനം മാത്രമാണുള്ളത്. നോർവെ, ഡെൻമാർക്ക് എല്ലാം ഇതിന് ഉദാഹരണമാണ്. ഇത് കേരളത്തിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൾ ചൂണ്ടുന്നു.
ഒരു ഹർത്താലിന് 10 ബസുകൾ എറിഞ്ഞു തകർത്താൽ അടുത്തതിന് 50 ബസ് എങ്കിലും തകർക്കണമെന്ന ചിന്ത വന്നു. ഇപ്പോൾ ഹർത്താലുകളുടെ ഉദ്ഘാടനം നടത്തേണ്ട ചുമതലകൂടി കെഎസ്ആർടിസി ബസുകൾക്കാണ്. ഹർത്താലിന്റെ ആരംഭത്തിൽ ഹർത്താലിന്റെ തീവ്രത കാണിക്കുന്നതിനായി കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുന്നു. കഴിഞ്ഞ ഹർത്താലിൽ അക്രമിക്കപ്പെട്ട 87 ബസുകളും തലേന്ന് രാത്രിതന്നെ അക്രമിക്കപ്പെട്ടു.
ചെറിയൊരു വിഭാഗം ജനങ്ങൾ ബസുകൾ എറിഞ്ഞു തകർക്കുന്പോൾ ബസുകളെ ആശ്രിയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ദുരിതത്തിലാകുന്നത്. എന്നാൽ ആ ചിന്ത ആർക്കുമില്ല. ബസുകൾ എറിഞ്ഞു തകർക്കുന്നതിനു പകരം തടഞ്ഞിട്ടു പ്രതിഷേധിക്കുന്നതു ന്യായീകരിക്കാം. എന്നാൽ ബസുകൾ തകർത്തേ തീരൂ എന്ന വാശിയിലാണ് മിക്ക പ്രതിഷേധക്കാരും. ഇതോടെ ആഴ്ചകളോളം ഈ ബസുകളുടെ സേവനം പൊതുജനത്തിന് ഇല്ലാതാകുന്നു. സ്വകാര്യ ബസുകൾ പോലെ അറ്റകുറ്റപ്പണികൾ തീർത്ത് കെഎസ്ആർടിസി ബസ് പിറ്റേന്നു തന്നെ ഇറക്കാനാകില്ല.
കെഎസ്ആർടിസിയെ സംരക്ഷിക്കുകയെന്ന ആശയം ഒരു പൊതുജനമുന്നേറ്റമായി മാറണം. ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്ത കെഎസ്ആർടിസി ബസുകളുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടത്തിയ പ്രതീകാത്മക വിലാപയാത്രയ്ക്ക് ലഭിച്ച ജനസമ്മതി വലിയ ഒരു മാറ്റമായാണ് കാണുന്നത്.
ഈ മാറ്റം ഓരോ പൗരന്റെയും മനസിൽ മാറ്റങ്ങളുണ്ടാക്കണം. കെഎസ്ആർടിസി ബസുകൾക്കു കല്ലെറിയുന്നവരോട് ഭാര്യയെ തല്ലുന്നവരോടു തോന്നുന്ന പുച്ഛം സമൂഹത്തിന് തോന്നണം. ആ മറ്റമാണ് ഉണ്ടാകേണ്ടത്. അതേസമയം കെഎസ്ആർടിസി ബസിനു കല്ലെറിയുന്പോൾ നിശബ്ദരായിരിക്കുന്ന വലിയൊരു സമൂഹമുണ്ട്. അവർ ചെറിയൊരു കൂട്ടം ആളുകൾ ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യത്തെ അംഗീകരിക്കുകയാണെന്ന് ഓർമിക്കണമെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.