കേരളമാകെ ശ്രദ്ധ നേടിയ ഏതെങ്കിലും കെഎസ്ആര്‍ടിസി ബസുണ്ടെങ്കില്‍ അത് ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ബസാണ്. പ്രസ്തുത കെഎസ്ആര്‍ടിസി ബസ്, ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേയ്ക്ക് കൊണ്ടുപോയപ്പോള്‍ സ്ഥിരയാത്രക്കാരിയായ പെണ്‍കുട്ടി പരാതിയുമായി വിളിച്ചപ്പോഴാണ് ബസ് സ്റ്റാറായത്.
ബസ് താരമായതോടെ ബസിന് ചങ്ക് എന്ന് പേരുകൊടുക്കാന്‍ കെഎസ്ആര്‍ടിസി എംഡി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ആരാധകരുടെ ആവേശം ഏറ്റുവാങ്ങിയ കെഎസ്ആര്‍ടിസി ‘ചങ്ക്’ ബസിന്റെ ഗിയര്‍ ലിവര്‍ ഇളകി ട്രിപ്പ് മുടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വ്യാഴാഴ്ച രാവിലെ കോട്ടയത്തുനിന്നു കട്ടപ്പനയ്ക്കു പോകുംവഴി കുമ്മണ്ണൂരിലെത്തിയപ്പോഴാണു ബസിന്റെ ഗിയര്‍ ലിവറിനു തകരാറുണ്ടായത്. ഇതോടെ ചങ്കിനെ റോഡരികില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരെ പിന്നാലെയെത്തിയ ബസില്‍ ഈരാറ്റുപേട്ടയിലെത്തിച്ചു.
കേരളമാകെ ചര്‍ച്ച ചെയ്ത ബസ് തകരാറിലായതോടെ യാത്രക്കാരും അതുവഴി കടന്നുപോയ മറ്റുള്ളവരുമെല്ലാം ഫോട്ടോയെടുക്കാന്‍ തുടങ്ങി. ഇതോടെ നാണക്കേടൊഴിവാക്കാന്‍ ജീവനക്കാര്‍ ചാക്ക് ഉപയോഗിച്ചു ‘ചങ്ക്’ എന്ന എഴുത്തു മറച്ചു. തുടര്‍ന്നു മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി ബസ് ഈരാറ്റുപേട്ട ഡിപ്പോയിലേക്കു മാറ്റി. വൈകിട്ട് ചങ്ക് വിണ്ടും നിരത്തിലിറങ്ങിയെന്നാണറിയുന്നത്.