എം.സുരേഷ്ബാബു
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും തീരുമാനം കോടതി കയറും.
സർക്കാരിന്റെ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്.
അധ്യാപക സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം വിദ്യാഭ്യാസചട്ടത്തിനും നിയമങ്ങൾക്കും വിരുദ്ധമാണെന്നാണ് അധ്യാപക സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സംഘടനകളുടെ തീരുമാനം.ഭരണകക്ഷി അധ്യാപക സംഘടനയും പരോക്ഷമായി സർക്കാർ തീരുമാനത്തിനെതിരാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് വിവിധ പദ്ധതികളിൽപ്പെടുത്തി പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതിനാൽ ക്ലാസ് മുറികളുടെ അഭാവം സ്കൂളുകളിൽ ഇല്ലെന്നാണ് അധ്യാപകർ പറയുന്നത്.
കേടായ ബസുകൾ ക്ലാസ് മുറികളാക്കാൻ ഭീമമായ തുക വേണ്ടി വരും. സാന്പത്തിക പ്രതിസന്ധിയിൽ സർക്കാർ ബുദ്ധിമുട്ടുന്പോൾ ഇതിനായി മുടക്കുന്ന പണം സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കാനെ ഉപകരിക്കുകയുള്ളുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
അതേ സമയം ഇതിന് വേണ്ടി മുടക്കുന്ന പണം നിലവിലുള്ള ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കാൻ വിനിയോഗിച്ചാൽ കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടും.
ഉപയോഗശൂന്യമായ കഐസ്ആർടിസി ബസ്സുകൾ സ്കൂൾ മുറ്റങ്ങളിൽ ഇടുന്നത് നിലവിലുള്ള സ്കൂൾ കോന്പൗണ്ടുകളിലെ സ്ഥലം കുറയാൻ ഇടയാകുമെന്നും അഭിപ്രായം ഉയരുന്നു.
നല്ല അന്തരീക്ഷത്തിലാണ് കുട്ടികൾക്ക് ഇപ്പോൾ ക്ലാസ് മുറികളിൽ പഠനം നൽകുന്നത്. ഇടിമിന്നൽ സമയങ്ങളിൽ പോലും കുട്ടികൾ സുരക്ഷിതരാണ്.
എന്നാൽ കഐസ്ആർടിസി ബസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് ഇടിമിന്നൽ സമയങ്ങളിൽ ഏറെ അപകടം വിതയ്ക്കുമെന്നും വിദ്യാഭ്യാസ പ്രവർത്തകരും പറയുന്നു.
വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും യാതൊരു പ്രയോജനവും കുട്ടികൾക്കൊ അധ്യാപകർക്ക് ഉണ്ടാകില്ലെന്നും അധ്യാപക സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു.
നിലവിലുള്ള അധ്യാപക തസ്തികകളിൽ പുതിയ ആളുകളെ നിയമിക്കാൻ നടപടിയെടുക്കാതെ അക്കാദമിക് നിലവാരം ഉയർത്തുമെന്ന വിദ്യാഭ്യാസവകുപ്പിന്റെ അവകാശവാദം പൊള്ളയാണെന്നും അധ്യാപകർ വ്യക്തമാക്കുന്നു.
പ്രധാന അധ്യാപകരായി സ്ഥാനകയറ്റം നൽകിയ 1500 ൽപരം അധ്യാപകരുടെ വേതന കാര്യവും ആനുകൂല്യ കാര്യത്തിലും വിദ്യാഭ്യാസ വകുപ്പ് ഇതുവരെക്കും ക്രിയാത്മകമായ നടപടി സ്വീകരിച്ചില്ലെന്നും അധ്യാപക സംഘടനാ ഭാരവാഹികൾ ആരോപിച്ചു.