കഴക്കൂട്ടം : കാര്യവട്ടം കാമ്പസിൽ ഇനി പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിർത്തിയിട്ടിരിക്കുന്ന കെഎസ്ആർടിസി ബസിലിരുന്നു പഠിക്കാം.
കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോമാറ്റിക്സ് വകുപ്പിന്റെ മുൻപിലാണ് ബസിനുള്ളിലെ പഠനമുറിയൊരുക്കിയിരിക്കുന്നത്.
എഴുതാനുള്ള ബോർഡും വിളക്കുകളും ഫാനുകളും സംഗീതം കേൾക്കുന്നതിനായി ഉപകരണങ്ങളും ബസിനകത്ത് ഒരുക്കിയിട്ടുണ്ട്.
സീറ്റിന്റെ മുകളിലായി കൈയും തലയും പുറത്തിടരുത്, സ്ത്രീകൾ,എന്നുള്ള എഴുത്തുകൾക്ക് പകരം മുൻവിധി പുറത്തിടരുത്, പഠിപ്പിസ്റ്റ്, ബുദ്ധിജീവി, സർവവിജ്ഞാനകോശം, വിമർശകൻ,സംശയാലു, സകലകലാ വല്ലഭൻ എന്നാക്കി മാറ്റിയിട്ടുണ്ട്.
ക്ലാസ് മുറികൾ വിദ്യാർഥികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാണമെന്ന ലക്ഷ്യത്തോടെയാണ് ബസിനുള്ളിൽ ക്ലാസ് റൂം എന്ന ആശയം വകുപ്പ് മേധാവിയായ അച്യുത് ശങ്കർ എസ്.നായർക്ക് തോന്നിയത്.
അതിനായി നെയ്യാറ്റിൻകര ഡിപ്പോയിൽ പൊളിക്കാനിട്ടിരുന്ന ബസ് പാപ്പനംകോട് നിന്നും ക്രെയിനിലാണ് കാമ്പസിൽ എത്തിച്ചത്.. പൈത്തൺ പ്രോഗ്രാമിങ്ങാണ് ബസിനുള്ളിൽ പഠിപ്പിക്കുന്നത്. പ്ല
സ് ടു വിദ്യാഭ്യാസമുള്ള ആർക്കും ഇന്റർനെറ്റുള്ള ഫോണോ ലാപ്പ് ടോപ്പോ കൊണ്ട് വന്നാൽ കോഴ്സിൽ പങ്കെടുക്കാം.മൂന്ന് മാസമാണ് കാലാവധി. ഒരു ആഴ്ചയിൽ മൂന്ന് ക്ലാസുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന ഇരുപത് പേർക്കാണ് ആദ്യ ബാച്ചിൽ അഡ്മിഷൻ നൽകുക.വകുപ്പിലെ 18 ഗവേഷണ വിദ്യാർഥികൾക്കൊപ്പമാകും പുറത്ത് നിന്നുള്ളവർക്കും ക്ലാസ് ഒരുക്കുക.
മന്ത്രി ആന്റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ, പ്രഫ. ഗോപ്ചന്ദ്രൻ, ഡോ. എസ്. നജീബ് കെ.എച്ച്. ബാബുജൻ, ഡോ. ആർ .അരുൺകുമാർ,ഡോ. ജെ.ആർ.റാണി,എം.പി.വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.