പ്രദീപ്ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസി നടപ്പാക്കിയ ഫർലോ ലീവ് പദ്ധതി നിർത്തലാക്കി. ഫർലോ ലീവ് എടുത്ത ജീവനക്കാരുടെ ലീവ് അടിയന്തിരമായി റദ്ദാക്കി ഉടൻ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് സി എം ഡി ഇന്നലെ ഉത്തരവിറക്കി. നിലവിൽ ഫർലോ ലീവിൽ 25 ജീവനക്കാരാണുള്ളത്. മാനേജ്മെന്റി നെ വിശ്വസിച്ച് ദീർഘകാല അവധി എടുത്തവർ വെട്ടിലായി.
കെഎസ്ആർടിസി യുടെ പുനരുദ്ധാരണത്തിന്റെയും ചിലവ് ചുരുക്കലിന്റെയും ഭാഗമായാണ് ഫർലോ ലീവ് സമ്പ്രദായം നടപ്പാക്കിയത്.കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനം ഫർലോ ലീവ് നടപ്പാക്കിയത്.
പകുതി ശമ്പളത്തിൽ പരമാവധി അഞ്ചു വർഷംവരെ ഡ്രൈവർ ഒഴികെയുള്ള ജീവനക്കാർക്കാണ് ഫർലോ ലീവ് അനുവദിച്ചത്. ഫർലോ ലീവ് അനുവദിച്ചത് കൊണ്ട് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടായില്ലെന്നത് വ്യക്തമാണ്.
135 ഓളം ജീവനക്കാർ മാത്രമാണ് ഫർലോ ലീവ് എടുത്തത്.അഞ്ചു വർഷംവരെ അവധി എടുത്ത് മറ്റ് ജോലികൾക്ക് പോയവരാണ് വെട്ടിലായിരിക്കുന്നത്. അത് ഉപേക്ഷിച്ച്, തിരിച്ചെത്തേണ്ടിയിരിക്കുന്നു.
ജീവനക്കാരുടെ കുറവും ഫർലോ ലീവ് അവസാനിപ്പിക്കുന്നതിന് മുഖ്യ കാരണമായിട്ടുണ്ട്. ജീവനക്കാർ അധികമാണെന്ന് മാനേജ്മെന്റ് പുറമേ പറയുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലെന്നതാണ് യാഥാർത്ഥ്യം.
അത്കൊണ്ട് തന്നെ കണ്ടക്ടർ ഡ്രൈവർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബദലി ജീവനക്കാരെ നിയമിക്കുന്നത്. ഓഫീസ് അസിസ്റ്റന്റുമാരായും ദിവസ വേതനക്കാരെ കരാടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.
ഫ്രണ്ട് ഓഫീസുകളിലും ദിവസ വേതനക്കാരാണ് പല ഡിപ്പോകളിലും, ഫർലോ ലീവ് എടുത്തവർ മേയ് 14 നകം അതാത് ജില്ലാ ഓഫീസുകളിൽ എത്തി സർവീസിൽ പ്രവേശിക്കണം.
അല്ലാത്തപക്ഷം അനധികൃത അവധിയായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കി യിരുന്നു. ഫർലോ ലീവ് പ്രഖ്യാപിച്ച് ഒരു വർഷം തികയും മുമ്പേ പിൻവലിക്കേണ്ടി വന്നിരിക്കയാണ്.