കോട്ടയം: മാർച്ച് 23 മുതൽ ഓട്ടം നിലച്ചതോടെ ജില്ലയിൽ കെഎസ്ആർടിസിക്ക് പ്രതിദിന വരുമാനനഷ്ടം 35 ലക്ഷം രൂപ. ഇന്നലെ വരെ 10 കോടിയോളം രൂപയുടെ നഷ്ടമാണു വിവിധ ഡിപ്പോകളിലുള്ളത്. 90 സർവീസുകളുള്ള കോട്ടയം ഡിപ്പോയിൽ ദിവസം 10 ലക്ഷം രൂപയായിരുന്നു കളക്ഷൻ.
പാലാ, ചങ്ങനാശേരി ഡിപ്പോകളിൽ അഞ്ചു ലക്ഷം വീതം ദിവസനഷ്ടം. എരുമേലി, പൊൻകുന്നം, വൈക്കം, ഈരാറ്റുപേട്ട ഡിപ്പോകൾക്ക് മൂന്നു ലക്ഷത്തോളം രൂപ ദിവസവും വരുമാനമുണ്ടായിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് 15 ദിവസം മുൻപു മുതൽ യാത്രക്കാരുടെ എണ്ണത്തിലെ കുറവുമൂലം 40 ശതമാനം വരെ സർവീസുകൾ വിവിധ ഡിപ്പോകളിൽ റദ്ദാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താൽ 15 കോടി രൂപയോളം കുറവാണുണ്ടായിരിക്കുന്നത്.
ഡിപ്പോകളിൽ ഏതാനും മെക്കാനിക്കൽ എൻജിനിയർമാർ ബസുകൾ ഇടയ്ക്കിടെ സ്റ്റാർട്ട് ചെയ്തിടുന്നതല്ലാതെ വർക്ക് ഷോപ്പുകൾ അടച്ചതിനാൽ അറ്റകുറ്റപ്പണികളും നടക്കുന്നില്ല.
ഇന്റർ സ്റ്റേറ്റ് സർവീസ് ബസുകൾ ഉൾപ്പെടെ ജില്ലയിലെ ബസുകളെല്ലാം അതാത് ഡിപ്പോകളിൽ ലോക്ക് ഡൗണിനു മുൻപുതന്നെ മടങ്ങിയെത്തിയിട്ടുണ്ട്.
വരുംമാസങ്ങളിൽ ശന്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമാണ്. ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന എംപാനൽ ജീവനക്കാർക്ക് യാതൊരു വേതനവും ലഭിക്കില്ല.