തിരുവനന്തപുരം: ആറുമണിക്കു ശേഷം കണ്സഷൻ നൽകാൻ നിയമമില്ലെന്നു പറഞ്ഞു പ്ലസ്വണ് വിദ്യാർഥിയെ കണ്ടക്ടർ കഐസ്ആർടിസി ബസിൽനിന്ന് ഇറക്കിവിട്ടു. തിരുവനന്തപുരം എസ്എംവി സ്കൂളിലെ വിദ്യാർഥിയായ പോത്തൻകോട് സ്വദേശി അമൽ ഇർഫാനെയാണു കണ്ടക്ടർ സ്റ്റാച്യു ജംഗ്ഷനിൽ ഇറക്കിവിട്ടത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസ് കഴിഞ്ഞാണു ബസിൽ കയറിയത്. കൺസഷൻ കാർഡ് നൽകിയപ്പോൾ ഇളവ് നൽകില്ലെന്നു കണ്ടക്ടർ പറഞ്ഞു. വൈകുന്നേരം ആറു മണി കഴിഞ്ഞതിനാൽ കണ്സഷൻ പതിക്കാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. തുടർന്നു വിദ്യാർഥിയെ ബസിൽനിന്നു കണ്ടക്ടർ ഇറക്കിവിടുകയും ചെയ്തു.
ടിക്കറ്റിനു പണമില്ലെന്നു വിദ്യാർഥി പറഞ്ഞിട്ടും കേൾക്കാൻ കണ്ടക്ടർ തയാറായില്ല. പിന്നീട് ഒരു വഴിയാത്രക്കാരനോടു പണം വാങ്ങിയാണു വിദ്യാർഥി വീട്ടിലെത്തിയത്. വിദ്യാർഥിയുടെ മാതാപിതാക്കൾ ഇതു സംബന്ധിച്ചു പോത്തൻകോട് പോലീസിനും കഐസ്ആർടിസി അധികൃതർക്കും പരാതി നൽകി.