നെയ്യാറ്റിൻകര: വികാസ് ഭവനിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് സർവീസ് നടത്തിയ ബോണ്ട് ബസിലെ അവശനായ യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാർ തുണയായി.
ബസിലെ സ്ഥിരം യാത്രക്കാരനും പബ്ലിക് ഓഫീസിലെ ജീവനക്കാരനുമായ അലക്സിന് യാത്രാമധ്യേ തമ്പാനൂരിന് സമീപം കലശലായ ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടു. ബസിൽ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം നേരിടും എന്ന് മനസിലാക്കിയ ഡ്രൈവർ അനുഷ് രാജ് വാഹനം നിർത്തി.
തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഉടമയെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ സമ്മതപ്ര കാരം അലക്സിനെ കാറിൽ കയറ്റി.കാറിന്റെ ഡ്രൈവർ തൊട്ടടുത്ത് ഇല്ലാത്തതിനെത്തുടർന്ന് വാഹന ഉടമയുടെ സമ്മതത്തോടെ ബസ് കണ്ടക്ടർ വി. രതീഷ് വണ്ടി ഓടിച്ച് അലക്സിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഡ്രൈവർ ബസുമായി ഡിപ്പോയിലേക്ക് തിരിച്ചു. എല്ലാ സീറ്റും നിറഞ്ഞ ബോണ്ട് ബസായതിനാൽ കണ്ടക്ടറുടെ അസാന്നിധ്യം സർവീസിന് തടസമായില്ല. അലക്സിനെ പ്രാഥമിക ചികിത്സകൾക്ക് ശേഷം വാർഡിൽ പ്രവേശിപ്പിച്ചു. കണ്ടക്ടർ രതീഷ് തന്നെ അലക്സിന്റെ വീട്ടുകാരെ വിവരം അറിയിച്ചു.
ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ ഒരു ജീവന് തുണയായി. നിർണായക ഘട്ടത്തിൽ സമയോചിത ഇടപെടൽ നടത്തി യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ഡ്രൈവർ അനുഷ് രാജിനെയും കണ്ടക്ടർ വി. രതീഷിനെയും ചീഫ് ട്രാഫിക് മാനേജർ സാം ജേക്കബ് ലോപ്പസ്, എടിഒ മുഹമ്മദ് ബഷീർ, ബോണ്ട് കോ-ഓർഡിനേറ്റർ എസ്.സുശീലൻ, ജനറൽ സി.ഐ.സതീഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.