മാനന്തവാടി: കുട്ടത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ നാല് യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തത് കെഎസ്ആർടിസി വിജിലൻസ് സംഘം പിടികൂടി. മാനന്തവാടിയിൽ നിന്നും രാവിലെ എട്ടിന് പുറപ്പെട്ട ബസ് കർണാടക കുട്ടം പോലീസ് സ്റ്റേഷന് സമീപത്ത് പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തിയത്. ബസിൽ 14 യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്.
മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ കണ്ടക്ടർ വർഗീസ് മാനുവലിനെയാണ് ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ വിജിലൻസ് പിടികൂടിയത്. കെഎസ്ആർടിസി വിജിലൻസ് ഐസി റസാഖ് ആയങ്കിയും സംഘവുമാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തത് പിടികൂടിയത്.
കർണാടക കുട്ടത്ത് നിന്നും കണ്ടക്ടറെ ഒഴിവാക്കി വിജിലൻസ് സംഘമാണ് പിന്നീട് ബസിലെ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയത്. ടിക്കറ്റ് നൽകാതെ കണ്ടക്ടറെ പിടികൂടിയതിന്റെ റിപ്പോർട്ട് കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൈമാറി.