തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ യദു ലൈംഗികാധിക്ഷേപം നടത്തിയതായി താൻ കണ്ടിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ.
സുബിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തി. താൻ ബസിന്റെ പിൻസീറ്റിലാണ് ഇരുന്നത്. അതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് മറികടന്നോ എന്ന് വ്യക്തതയില്ലെന്നും സുബിൻ മൊഴി നൽകി. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നും ഇദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെഎസ്ആർടിസി ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിൽ പോലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. മെമ്മറി കാർഡ് നഷ്ടമായതിനാൽ കേസിൽ ഏറെ നിർണായകമെന്ന് കരുതിയതായിരുന്നു കണ്ടക്ടർ സുബിന്റെ മൊഴി.
ശനിയാഴ്ച രാത്രിയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മില്‍ നടുറോഡില്‍ വച്ച് വാക്കുതർക്കമുണ്ടായത്. തങ്ങൾക്ക് നേരേ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ച് മേയർ പരാതി നൽകിയതോടെ വിഷയം വിവാദമാവുകയായിരുന്നു.