ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: എം-പാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർ ക്ഷാമം പരിഹരിക്കാൻ നടപ്പിലാക്കുന്ന ഡ്രൈവർ കം കണ്ടക്ടർ തസ്തികക്കെതിരെ കെഎസ്ആർസി യൂണിയനുകൾ രംഗത്ത്. എം – പാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ കോടതി നിർദ്ദേശത്തെതുടർന്ന് നിയമിച്ചെങ്കിലും പല ഡിപ്പോകളിലും മതിയായ തോതിൽ കണ്ടക്ടർമാരില്ലാത്ത സാഹചര്യം ഉടലെടുത്തിരുന്നു. ഇതെ തുടർന്ന് ബസുകളിൽ പോകാൻ ജീവനക്കാരില്ലാതെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ റദ്ദു ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി.
ഈ സാഹചര്യത്തിലാണ് നിലവിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന കണ്ടക്ടർ ലൈസൻസ് ഉള്ള ജീവനക്കാർ രണ്ടു ജോലിയും ചെയ്യാൻ തയാറാകണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ.ജെ.തച്ചങ്കരി നിർദ്ദേശിച്ചത്. ഇതു കൂടാതെ ഡ്രൈവർമാരെ കണ്ടക്ടർ തസ്തികയിലേക്ക് കൂടി നിയമിക്കുന്നതിനിനുള്ള നടപടിയുടെ ഭാഗമായി ഇവർക്ക് പരിശീലനം നൽകാൻ മാനേജ്മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു.
പത്താം ക്ലാസ് പാസായ ഡ്രൈവർമാരെയാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഇവർ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കണമെന്ന കോർപ്പറേഷന്റെ നിർദ്ദേശമാണ് ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിനിടയാക്കിയത്. കൂടുതലും ദീർഘദൂര സർവീസുകളിലാണ് ഡ്രൈവർ കം കണ്ടക്ടർ എന്ന പരീക്ഷണം നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്.
ഡ്രൈവറുടെയും കണ്ടക്ടറുടെയും ജോലി മാറി ചെയ്യുന്നതിലൂടെ ദീർഘ ദൂരം വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കെഎസ്ആർടിസി അധികൃതർ ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. ദീർഘദൂരം ഡ്രൈവ് ചെയ്ത് തളരുന്ന ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിനിടയാകുന്നതും മറിച്ച് ചിന്തിക്കാൻ കെഎസ്ആർടിസി അധികൃതരെ പ്രേരിപ്പിച്ചു. അതിനാൽ ഡ്രൈവർ കം കണ്ടക്ടർ ജോലി ചെയ്യുന്നതിനു മുന്നോടിയായി വകുപ്പുതല പരിശീലനത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം.
എന്നാൽ ഈ സംവിധാനം കെഎസ്ആർടിസി നിയമങ്ങളുടെ ലംഘനമാണെന്നാണ് കോർപ്പറേഷനിലെ ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പിഎസ്സി വഴി അപേക്ഷ ക്ഷണിച്ച് ഡ്രൈവർമാർ ആയി നിയമനം ലഭിച്ചവരെ അവരുടെ അപേക്ഷയോ സമ്മതമോ ഇല്ലാതെ കണ്ടക്ടർ പരിശീലനത്തിന് അയക്കാൻ മാനേജ്മെന്റിന് അവകാശമില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കോർപ്പറേഷന്റെ തീരുമാനം കെഎസ്ആർടിസി നിയമങ്ങൾക്കു പുറമെ കഴിഞ്ഞ 16നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിലെയും 17നു ലേബർ കമ്മീഷണർ വിളിച്ചു ചേർത്ത യോഗത്തിലെയും തീരുമാനങ്ങളുടെയും ഉറപ്പുകളുടെയും ലംഘനമാണെന്നാണ് യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നത്. കൂടാതെ സർവീസുകൾ റദ്ദു ചെയ്യപ്പെടുന്നില്ലെന്നു ബോധ്യപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ഇവർ ആരോപിക്കുന്നു.
ക്രമവിരുദ്ധമായ ഈ നടപടി നിർത്തി വയ്ക്കണമെന്ന് ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എംഡിക്കും ലേബർ കമ്മീഷണർക്കും കഐസ്ആർടിസി സംയുക്ത ട്രേഡ് യൂണിയൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ താൽപര്യമുള്ളവർ മാത്രം പരിശീലന പരിപാടിയിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദ്ദേശമെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ (സിഐടിയു), കെഎസ്ടിഡബ്ല്യുയു(ഐഎൻടിയുസി), കെഎസ്ടിഡിയു, കെഎസ്ടിഇയു(എഐടിയുസി ) എന്നീ ട്രേഡ് യൂണിയനുകളാണ് പരാതി നൽകിയത്.