കെഎസ്ആര്‍സി യാത്രയുമായി ബന്ധപ്പെട്ട് ഒരു കഥ പറയാനില്ലാത്ത ആളുകള്‍ കേരളത്തിലുണ്ടാവില്ല എന്നു തന്നെ പറയാം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയാണ് അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവയ്ക്കുന്നതെങ്കിലോ ആസ്വാദനം കൂടുതല്‍ രസകരമാവും.
സമാനമായ രീതിയില്‍ കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയിലെ വനിതാ കണ്ടക്ടറായ രശ്മി അജിത്ത് എന്ന കണ്ടക്ടരുടെ അനുഭവമാണ് വായനക്കാരുടെ മനസ് നിറയ്ക്കുന്നത്. യാത്രക്കിടയില്‍ ‘മോളെ.. എനിക്കൊരു സഹായം ചെയ്യുമോ..?’ എന്ന ചോദ്യവുമായി എത്തിയ വയോധികനെ കുറിച്ചാണ് അവര്‍ കുറിപ്പില്‍ പറയുന്നത്. രശ്മിയുടെ അനുഭവത്തിലെ നായകനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ വഴി ആളുകള്‍.
കണ്ടക്ടറുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഒരു KSRTC കണ്ടക്ടര്‍ എന്ന നിലയില്‍ ഈ നാലര വര്‍ഷത്തിനിടയില്‍ ഒരുപാട് സന്തോഷം തോന്നിയ ഒരു അനുഭവം നിങ്ങളോട് പങ്കുവെയ്ക്കുന്നു. കഴിഞ്ഞ ദിവസം (29/04/2019, തിങ്കള്‍) പതിവ് ഡ്യൂട്ടിയില്‍ 2nd ട്രിപ്പ് മംഗലാപുരത്തു നിന്നും കാസറഗോഡ് വരുന്നു. ഉച്ച സമയം, ഹൊസങ്കടി പിന്നിട്ടു എന്റെ ബസ്. ടിക്കറ്റ് കൊടുത്ത ശേഷം ഞാന്‍ സീറ്റില്‍ വന്നിരുന്നു. അപ്പോള്‍ കണ്ടക്ടര്‍ സീറ്റിന്റെ നേരെ എതിരെ നിന്നും ‘മോളെ’ എന്നൊരു വിളി.. നോക്കിയപ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്. വിളിച്ചത് എന്നെ തന്നെയാണ്.. ‘മോള് എനിക്കൊരു സഹായം ചെയ്യുമോ?’ അദ്ദേഹം പ്രതീക്ഷയോടെ എന്നെ നോക്കി.
എന്തു കേള്‍ക്കുമ്പോഴും നമുക്ക് ഒരു മുന്‍വിധി ഉണ്ടാകുമല്ലോ, ഒന്നുകില്‍ ഏതെങ്കിലും സ്റ്റോപ്പ് ഇല്ലാത്തയിടത്ത് ഇറക്കുന്ന കാര്യം, അല്ലെങ്കില്‍ അത്തരത്തില്‍ അവര്‍ക്ക് വേണ്ടി നമ്മള് എന്തെങ്കിലും ചെയ്തു കൊടുക്കല്‍. ഇത്യാദി എന്തെങ്കിലും ആവും എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു ‘എന്തു സഹായം ആണ്, പറഞ്ഞോളൂ..’ പോക്കെറ്റില്‍ നിന്നും ഒരു ടിക്കറ്റ് അദ്ദേഹം പുറത്തെടുത്തു, കൂടെ കുറച്ചു പണവും. അപ്പോള്‍ വീണ്ടും മുന്‍വിധി..
എന്റെ ഏതെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റി അദ്ദേഹത്തിന് ബാക്കി കൊടുത്തത് കുറഞ്ഞു പോയിട്ടുണ്ടാവും. പക്ഷേ എന്റെ എല്ലാ മുന്‍വിധികളെയും തൂത്തു മാറ്റി അദ്ദേഹം പറഞ്ഞു ‘മോളെ ഞാന്‍ കുറച്ചു മുമ്പ് കുമ്പളയില്‍ നിന്നും ഇങ്ങോട്ട് വരുമ്പോള്‍ കയറിയതും സ്റ്റേറ്റ് ബസില്‍ (ഇവിടെ കെഎസ്ആര്‍ടിസിയെ സ്റ്റേറ്റ് ബസ് എന്നാണ് എല്ലാരും വിളിച്ചു കേട്ടിട്ടുള്ളത് ) ആണ്. ഞാന്‍ 20 റുപ്പിക കൊടുത്തു, 16 റുപ്പിക കഴിച്ച് ബാക്കി തരേണ്ടത് 4 രൂപയാണ്. എന്നാല്‍ ആ കണ്ടക്ടര്‍ എനിക്ക് ഇത്രയും തന്നു.’
അദ്ദേഹം ആ തുകയും ടിക്കറ്റും എന്റെ കൈയില്‍ തന്നു. നോക്കുമ്പോള്‍ 80 രൂപ ഉണ്ട്. കുറച്ചു ചില്ലറ പൈസയും ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ എനിക്ക് കാര്യം മനസ്സിലായി. 100 രൂപയുടെ ബാലന്‍സ് തുക എന്ന് കരുതിയാണ് ആ കണ്ടക്ടര്‍ പണം കൊടുത്തിരിക്കുന്നത് എന്ന്. അദ്ദേഹം വീണ്ടും പറഞ്ഞു, ‘ഞാന്‍ 20 റുപ്പിക തന്നെയാണ് കൊടുത്തത്, അത് നല്ല ഓര്‍മയുണ്ട്. മോള് ഇതെങ്ങനെ എങ്കിലും ഈ പണം ആ പെണ്‍കുട്ടിക്ക് കൊടുക്കണം. (അതും ഒരു വനിതാ കണ്ടക്ടര്‍ ആയിരുന്നു).
അല്ലെങ്കില്‍ വൈകുന്നേരം ആകുമ്പോള്‍ ആ കൊച്ചിന്റെ അത്രയും പൈസ വെറുതെ പോവില്ലേ മോളെ? ബസില്‍ നിന്നും ഇറങ്ങി കഴിഞ്ഞാണ് ഞാന്‍ ഇത് ശ്രദ്ധിച്ചത്. ഇത് എങ്ങനെ തിരിച്ചേല്പിക്കും എന്ന് വിഷമിച്ചു ഇരിക്കുവാരുന്നു മോളെ ഞാന്‍. നിങ്ങടെ ഓഫീസില്‍ കൊണ്ട് കൊടുക്കാം എന്ന് വിചാരിച്ചു. അപ്പോളാണ് മോളെ കണ്ടത്, എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?’ അദ്ദേഹം പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി..
ഞാന്‍ ആ ടിക്കറ്റ് വാങ്ങി നോക്കി. മറ്റൊരു ഡിപ്പോയിലെ ബസ് ആണ്. അവിടെ ഉള്ള സുഹൃത്തിനെ വിളിച്ചു പ്രസ്തുത ഡ്യൂട്ടിയില്‍ ഉള്ള കണ്ടക്ടറിന്റെ ഫോണ്‍ നമ്പര്‍ തരപ്പെടുത്തി. അതിനിടയിലും ഞാന്‍ ഈ മനുഷ്യനോട് വീണ്ടും പറഞ്ഞു ‘ചിലപ്പോള്‍ നിങ്ങള്‍ 100 രൂപ തന്നെ ആയിരിക്കുമോ കൊടുത്തത്? അങ്ങനെ ആണെങ്കില്‍ നിങ്ങളുടെ പണം നഷ്ടപെടില്ലേ? താങ്കള്‍ക്ക് ചിലപ്പോള്‍ ഓര്മ പിശക് വന്നതാണെങ്കിലോ” എന്നൊക്കെ. പക്ഷേ അദ്ദേഹം കട്ടായം പറഞ്ഞു, ‘അല്ല ഞാന്‍ 20 രൂപ തന്നെയാണ് കൊടുത്തത്, അത് എനിക്ക് നല്ല ഉറപ്പുണ്ട്.’ ശേഷം ഞാന്‍ കണ്ടക്ടറെ വിളിച്ചു, പക്ഷേ കിട്ടിയില്ല..
അപ്പോളേക്കും ഇദ്ദേഹത്തിന്ന് ഇറങ്ങേണ്ട സ്റ്റോപ്പ് ആകാന്‍ ആയി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഈ പണം കൃത്യമായി ഞാന്‍ ആ കണ്ടക്ടര്‍ക്ക് ഏല്പിച്ചു കൊടുക്കാം. ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ നിഷ്കളങ്കമായ ചിരിയോടെ അദ്ദേഹം അനുവാദം തന്നു. ഇതെല്ലാം ആദ്യം മുതല്‍ ശ്രദ്ധിച്ചു പിന്‍സീറ്റില്‍ ഇരുന്ന ഒരു യാത്രക്കാരന് ഇദ്ദേഹത്തിന് ഹസ്തദാനം ചെയ്തു.
കുമ്പളയില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞത്, ‘വല്യ ഉപകാരം മോളെ’ എന്ന്. വീണ്ടും ഞാന്‍ ആ കണ്ടക്ടറെ വിളിച്ചു. ഇത്തവണ കിട്ടി. അവരോടു വിവരം ധരിപ്പിച്ചു. പണം ഞാന്‍ കാസറഗോഡ് ഡിപ്പോയില്‍ കോണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ മുഖാന്തരം അവര്‍ക്ക് ലഭ്യമാക്കി. ഞങ്ങള്‍ക്ക് നേരില്‍ കാണാന്‍ കഴിയുമായിരുന്നില്ല. അവരും എന്നോട് നന്ദി പറഞ്ഞു.
സാധാരണ ഗതിയില്‍ തരം കിട്ടിയാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റം പറയാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുന്നവരുടെ ഇടയില്‍ ഈ മനുഷ്യന് എന്നും ഒരു നന്മ മരം ആയിരിക്കും. സ്ഥാപനത്തിന്റെ പ്രതിസന്ധിയുടെ പേരില്‍ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ജോലി ഭാരത്തിനു കുറവുകള്‍ ഒന്നുമില്ലാത്ത ഞങ്ങള്‍ക്ക് ഇതൊക്കെ തന്നെയാണ് ഡിഎയും നൈറ്റ് അലവന്‍സും ഷൂ, യൂണിഫോം അലവന്‍സും ഒക്കെ തന്നെ.
ഒരു രൂപ പോലും ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട തുക തന്നെ. ഞങ്ങളുടെ അധ്വാനത്തിന് വില കല്പിച്ച് കൊണ്ട്, എന്റെ സഹപ്രവത്തകയ്ക്കു സംഭവിച്ച കൈപ്പിഴയെ ഒരു അവസരമായി കാണാതെ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും പെരുമാറിയ ഈ മനുഷ്യന് (തിരക്കിനിടയില്‍ പേര് ചോദിക്കാന്‍ കഴിഞ്ഞില്ല) ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു.’